ഏഴ് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി കുറവിലങ്ങാട് ഇടവക
കുറവിലങ്ങാട്: ഭൂരഹതിരായ ഏഴ് കുടുംബങ്ങള്‍ക്ക് ഭൂമി സമ്മാനിച്ച് കുറവിലങ്ങാട് ഇടവക. വിവിധ മതസ്ഥരായ ഏഴ് കുടുംബങ്ങള്‍ക്കാണ് ഇടവകയുടെ പ്രവര്‍ത്തനം നേട്ടമായത്. ഇടവക പ്രദേശത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതമുള്ള ഭൂമിയുടെ ആധാരം പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ കൈമാറി. ഇടവകാംഗങ്ങളായ കോഴാ കലമറ്റത്തില്‍ ഐസക് മൂന്ന് വീടുകള്‍ക്കും ചേരവേലില്‍ സി.ജെ തോമസ്, ചേരവേലില്‍ ജോര്‍ജ്കുട്ടി, കുര്യം പൊയ്യാനില്‍ സിറിയക്, കുര്യം എടേട്ട് ബിജു എന്നിവര്‍ ഓരോ വീടുകള്‍ക്കുമായി ഭൂമി ദാനം ചെയ്തു.
വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടം വിജയിച്ചതോടെ ഭൂരഹതിരായ ഏഴ് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയെന്ന സ്വപ്നം നിറവേറ്റാനായി. കുടുംബകൂട്ടായ്മ സമ്മേളനത്തിലായിരുന്നു ആധാരങ്ങളുടെ കൈമാറ്റം. കരുണയുടെ വര്‍ഷത്തില്‍ ഇടവകയുടെ നേതൃത്വത്തില്‍ ഒരു ദിനം ഒരുവീട് എന്ന ക്രമത്തില്‍ 342 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി 30 അപേക്ഷകര്‍ക്കായി 20,000 രൂപ വീതം ആറു ലക്ഷം രൂപയും വിതരണം ചെയ്തു. 1.71 കോടി രൂപ സമാഹരിച്ച് 342 വീടുകള്‍ക്കായി 50,000 രൂപ വീതം നല്‍കാനാണ് ഇടവകയുടെ പരിശ്രമം. ഈ പദ്ധതിയില്‍ 63 വീടുകള്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം 40 വീടുകള്‍ പിന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."