ബാലന്‍ ഡിഓര്‍: ആദ്യ 15 പേരുടെ പട്ടിക പുറത്തുവിട്ടു
പാരിസ്: 2018 ലെ ബാലന്‍ ഡി ഓറിനുള്ള 30 നാമനിര്‍ദേശങ്ങളില്‍ നിന്ന് 15 പേരുടെ പട്ടിക പുറത്ത് വിട്ടു. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ, മധ്യനിര താരം കെവിന്‍ ഡിബ്രൂയിന്‍ എന്നിവര്‍ ആദ്യ 15 പേരില്‍ സ്ഥാനം പിടിച്ചു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലിവര്‍ പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കര്‍, റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമ, പി.എസ്.ജിയുടെ മുന്നേറ്റ താരം എഡിസണ്‍ കവാനി, റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ തിബോട്ട് കൊര്‍ട്ടോയിസ്, ലിവര്‍പൂള്‍ താരം ഫിര്‍മിഞ്ഞോ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വെ താരമായ ജസ്റ്റിന്‍ ഗോഡിന്‍, ഇംഗ്ലണ്ടിനെ ലോക കപ്പിലെ നാലാം സ്ഥാനം വരെ എത്തിക്കുകയും ടോട്ടനത്തിനായി മികച്ച പ്രകടനം നടത്തുകയും ചെയ്ത ഹാരി കെയ്‌നും പട്ടികയിലുണ്ട്. ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രിസ്മാന്‍, റയല്‍ മാഡ്രിഡ് താരം ഇസ്‌കോ, റയല്‍ മാഡ്രിഡ് താരം ഗരത് ബെയ്ല്‍ എന്നിവരും പതിനഞ്ചു പേരുടെ പട്ടികയിലുണ്ട്.
ഡിസംബര്‍ 3ന് പാരിസില്‍ നടക്കുന്ന ചടങ്ങിലായിരിക്കും വിജയികളെ പ്രഖ്യാപിക്കലും അവാര്‍ഡ് വിതരണവും. ആദ്യമായി ഈ വര്‍ഷം മുതല്‍ വനിതാ താരങ്ങളേയും ബാലന്‍ ഡി ഓറിനായി പരിഗണിക്കുന്നുണ്ട്. വനിതാ താരങ്ങളുടെ പേരുകള്‍ പുറത്ത് വിട്ടിട്ടില്ല.
ബാക്കി 15 പേരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. 2008 മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ബാലന്‍ ഡിഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നത്. ഇരുവരും അഞ്ചു തവണ വീതമാണ് പുരസ്‌കാരം നേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."