ഗതികിട്ടാതെ ബാഴ്‌സയും ഒന്നാം സ്ഥാനം നഷ്ടമായി
ബാഴ്‌സലോണ: റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ സീസണിലെ ലാലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണക്കും കാലിടറുന്നു. കഴിഞ്ഞ ദിവസം വലന്‍സിയയോട് സമനില പിടിച്ചതോടെയാണ് ബാഴ്‌സലോണക്ക് ലാലിഗയിലെ ഒന്നാം സ്ഥാനം നഷ്ടമായത്. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ വലന്‍സിയക്കായി എസ്‌ക്വില്‍ ഗരെ ഗോള്‍ നേടി.
23-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ സമനില കണ്ടെത്തിയെങ്കിലും വിജയ ഗോള്‍ നേടാനാകാത്തത് ബാഴ്‌സക്ക് വിനയായി. 16 പോയിന്റുമായി സെവിയ്യയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 15 പോയിന്റാണുള്ളത്.
പരാജയവും സമനിലയും കാരണം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയല്‍മാഡ്രിഡ് നാലാം സ്ഥാനത്താണിപ്പോള്‍. 14 പോയിന്റുമായാണ് റയല്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.
സമനില തെറ്റാതെ സിറ്റി-ലിവര്‍പൂള്‍ പോരാട്ടം
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂള്‍ - മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍. തുടക്കം മുതല്‍ ഇരു ടീമുകളും ഒത്തിണക്കത്തോടെയാണ് കളിച്ചത്. മൂന്നാം മിനുട്ടില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ട് പകുതികളിലായി ഇരു ടീമുകളും രണ്ട് വീതം ഷോട്ടുകള്‍ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും കീപ്പര്‍മാരെ മറികടക്കാനായില്ല. പലപ്പോഴും താരങ്ങള്‍ പരുക്കന്‍ കളി പുറത്തെടുത്തു. ഇതു കാരണം റഫറി നാലു തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.
രണ്ടാം പകുതിക്ക് ശേഷം സലാഹിന് വീണ്ടും ഓപണ്‍ നെറ്റ് ചാന്‍സ് കിട്ടിയെങ്കിലും വലിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. രണ്ടാം പകുതിക്ക് ശേഷം സലാഹിനെയും ഫെര്‍മീഞ്ഞോയും ക്ലോപ്പ് തിരിച്ചു വിളിച്ചു.
സിറ്റി താരം സെര്‍ജിയോ അഗ്യൂറോയേയെ രണ്ടാം പകുതിക്ക് ശേഷം ഗാര്‍ഡിയോള തിരിച്ചുവിളിച്ചു. റഹീം സ്റ്റിര്‍ലിങ്ങിനെ പിന്‍വലിച്ച് കളത്തിലെത്തിയ ലീറോന്‍ സനയെ ബോക്‌സില്‍ വീഴ്ത്തിയതിന് 86-ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റിയാദ് മെഹ്‌റസിന്റെ കിക്ക് വലിയ വ്യത്യാസത്തില്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഇതോടെ സിറ്റിക്ക് ജയിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെട്ടു. എട്ടു മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെല്‍സിക്കും ലിവര്‍പൂളിനും 20 പോയിന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."