കാനത്തിനെതിരേ പോസ്റ്റര്‍: ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതി
ആലപ്പുഴ: കാനം രാജേന്ദ്രന് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്താന്‍ സി.പി.ഐ തീരുമാനം.
വിവാദം പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് നിയോഗിച്ചത്.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രന് ഉണ്ണിത്താന്, കെ.എസ് രവി, ജില്ലാ കൗണ്‍സില്‍ അംഗമായ എസ്. പ്രകാശ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്ന് സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എറണാകുളത്ത് നടന്ന ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയേയും ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ളപാര്ട്ടി നേതാക്കളെയും പൊലിസ് മര്‍ദിച്ച സംഭവത്തില്‍ പൊലിസിനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറിയുടെ നടപടി ശരിയായില്ല. പൊലിസിനെ ന്യായീകരിക്കാതെ കാനം പാര്‍ട്ടി നേതാക്കളെ പിന്തുണയ്ക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തി.
പോസ്റ്റര്‍ വിവാദത്തില്‍ മാധ്യമങ്ങളെ പഴിചാരിയ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിനെതിരേയും വിമര്‍ശനം ഉയര്‍ന്നു.
മാര്‍ച്ചിനിടെ നടന്ന സംഭവങ്ങളില്‍ പൊലിസിനെ ന്യായീകരിച്ചതോടെയാണ് കാനം രാജേന്ദ്രനെതിരേ ആലപ്പുഴയില്‍ സി.പി.ഐക്കാര്‍ തന്നെ പോസ്റ്റര്‍ പതിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്ത പൊലിസ് എ.ഐ.വൈ.എഫ് നേതാക്കള്‍ ഉള്‍പ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിലിറക്കാന്‍ സി.പി.ഐ അമ്പലപ്പുഴ മണ്ഡലം മുന്‍ അസി. സെക്രട്ടറി തന്നെ രംഗത്തെത്തിയതോടെ സി.പി.ഐയിലെ വിഭാഗീയത പുറത്തു വന്നു. പാര്‍ട്ടി വിഭാഗീയതയുടെ പ്രതിഫലനമാണ് പോസ്റ്ററിന് പിന്നിലെന്ന വിലയിരുത്തല്‍ ഉണ്ടായെങ്കിലും തുടര്‍ന്ന് നടന്ന പൊലിസ് അന്വേഷണത്തില്‍ കാനംപക്ഷ നേതാക്കള്‍ തന്നെയാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."