ഒന്നാം തരം@21 കൊടക്കാടിന്റെ ടീച്ചറമ്മ
ചെറുവത്തൂര്‍: പൂക്കളും പാവകളും ഒരുക്കി കഥപറഞ്ഞു നവാഗതരെ വരവേല്‍ക്കാന്‍ കൊടക്കാടിന്റെ ടീച്ചറമ്മ തയാര്‍. അധ്യാപന ജീവിതത്തിലെ 21 വര്‍ഷം ഒന്നാംതരം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് കൊടക്കാട് ഗവ.വെല്‍ഫെയര്‍ യു.പി സ്‌കൂളിലെ സി.വി സതിയെന്ന അധ്യാപിക പ്രവേശനോത്സവത്തിനൊരുങ്ങിയത്. ഈ വിദ്യാലയത്തില്‍ മാത്രം തുടര്‍ച്ചയായി പതിനേഴാം വര്‍ഷമാണ് സതി ഒന്നാംതരത്തിലെ ക്ലാസ് അധ്യാപികയാകുന്നത്. എല്‍.പി തലത്തിലെ അധ്യാപകര്‍ ക്ലാസുകള്‍ മാറി മാറി കൈകാര്യം ചെയ്യുമെങ്കിലും ഒന്നാം തരത്തോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന സതി കുട്ടികള്‍ക്കെല്ലാം ടീച്ചറമ്മയാണ്. ഒന്നാംതരത്തിലെ ഒന്നാന്തരം അധ്യാപികയെന്നത് രക്ഷിതാക്കളുടെയും അനുഭവസാക്ഷ്യം.
ഇത്തവണ 78 കുട്ടികള്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടിക്കഴിഞ്ഞു. അങ്ങാടിക്കല്‍ എസ്.സി.ആര്‍.വി.ടി.ടി.ഐയില്‍ നിന്ന് അധ്യാപകപരിശീലനം പൂര്‍ത്തിയാക്കിയ കൊടക്കാട് വെള്ളച്ചാല്‍ സ്വദേശിനിയായ എം.വി സതി 1992ലാണ് അധ്യാപക ജീവിതത്തില്‍ പ്രവേശിച്ചത്. ജി.എല്‍.പി.എസ് കല്ലിങ്കാലില്‍ നാലു വര്‍ഷം ഒന്നാം തരത്തിലെ അധ്യാപികയായി. പിന്നീടെത്തിയ കൂളിയാട് സ്‌കൂളില്‍ ജോലിചെയ്ത മൂന്നു വര്‍ഷത്തില്‍ രണ്ടുവര്‍ഷവും ഒന്നാംക്ലാസ് തന്നെ കൈകാര്യം ചെയ്തു. കൊടക്കാട് വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ വന്നതില്‍ പിന്നെ മറ്റൊരു ക്ലാസിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. രക്ഷിതാക്കളുടെ സ്‌നേഹനിര്‍ബന്ധവും ഇതിനു പിന്നിലുണ്ട്.
പ്രവേശനോത്സവദിനത്തിലെ കരച്ചിലുകളും സങ്കടങ്ങളുമെല്ലാം മാറ്റി അക്ഷരങ്ങളുടെ ലോകത്തേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചു കയറ്റുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ടീച്ചര്‍ പറയുന്നു. രക്ഷിതാക്കളെ കൂടി വിദ്യാലയവുമായി ബന്ധപ്പെടുത്തിയാലെ പഠനം പൂര്‍ണമാകൂ എന്നതാണ് ടീച്ചറുടെ കാഴ്ചപ്പാട്. അതിനാല്‍ അവധി ദിവസങ്ങളില്‍ താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍ സന്ദര്‍ശനവും പതിവാണ്.
ഒന്നാംതരത്തില്‍ പഠിപ്പിച്ച അധ്യാപികയോട് എല്ലാവര്‍ക്കും ഇഷ്ടമല്‍പം കൂടുതലാണെന്ന് ടീച്ചര്‍ പറയുന്നു. പഠനശേഷം പലവഴികളിലേക്കു പിരിഞ്ഞുപോകുന്ന കുട്ടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കാണാനെത്തുമ്പോള്‍ ഉള്ളിലുണ്ടാകുന്ന സന്തോഷമാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്ന്.
സര്‍വിസിലുള്ള കാലം മുഴുവന്‍ ഒന്നാംതരത്തില്‍ തന്നെ പഠിപ്പിക്കണമെന്നാണ് ടീച്ചറുടെ ആഗ്രഹം.
ക്ലാസിനല്ല, മറിച്ച് ഓരോ കുട്ടിക്കും പരിഗണന നല്‍കണമെന്നതാണ് ക്ലാസ് മുറികളിലെ കാഴ്ചപ്പാട്. ഈ രീതി വര്‍ഷങ്ങളായി തുടരുന്നു എന്നതാണ് സതി എന്ന അധ്യാപികയെ കുട്ടികളുടെ ടീച്ചറമ്മയാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."