ലീവിനായി 'വ്യാജ പ്രസവം' നടത്തി അധ്യാപികമാര്‍, ഒരു വര്‍ഷം രണ്ടു തവണ പ്രസവിച്ചവരും !
എടച്ചേരി: തെറ്റായ വിവരങ്ങള്‍ നല്‍കി പ്രസവാവധി എടുത്ത സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ അധ്യാപികമാരില്‍നിന്ന് അവധി ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
പ്രസവ തീയതിയും പ്രസവാവധിയും തമ്മില്‍ മാസങ്ങളുടെ വ്യത്യാസം ഉള്ളതായി വിദ്യാഭ്യാസ ഉപ ഡയരക്ടര്‍മാര്‍ ജില്ലകള്‍ തോറും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
തെറ്റായ വിവരങ്ങള്‍ നല്‍കിയ അധ്യാപകരുടെ പട്ടിക മിക്ക ജില്ലകളിലെയും ഡി.ഡി.ഇമാര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിരമിച്ച അധ്യാപകര്‍വരെ ഇത്തരംപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അനര്‍ഹമായ രീതിയില്‍ പ്രസവാവധിയെടുത്ത അധ്യാപികമാര്‍ക്ക് വല്ല ആക്ഷേപവുമുള്ള പക്ഷം വിശദീകരണം നല്‍കാന്‍ സമയം നല്‍കിയിട്ടുമുണ്ട്. അല്ലാത്തവര്‍ വാങ്ങിയ ആനുകൂല്യം പൂര്‍ണമായും തിരിച്ചടക്കേണ്ടി വരും.
കേരളത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റിയതായാണ് വിവരം. ഇത് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രസവാവധിക്കു ശേഷം പ്രസവിച്ചവര്‍ വരെ പട്ടികയിലുണ്ട്. മാര്‍ച്ചില്‍ പ്രസവ തിയതി ഉള്ളവര്‍ മാര്‍ച്ചിലോ ഏപ്രിലിലോ മേയിലോ അവധിയെടുക്കാതെ ജൂണ്‍ മുതല്‍ അവധി എടുക്കുകയും മധ്യവേനല്‍ അവധി അടക്കം അഞ്ച് മുതല്‍ എട്ടു മാസംവരെ അവധി തരപ്പെടുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. കൂടുതല്‍ കാലം അവധി ലഭിക്കാന്‍, തിയതി മാറ്റിയെടുക്കുന്നത് പതിവാണെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ അന്വേഷണം നടത്തിയത്.
1990 മുതലുള്ള പ്രസവാവധികളാണ് പരിശോധിച്ചത്. ഇത്തരം പ്രസവാവധി അനുവദിച്ച പ്രധാനാധ്യാപകരും നടപടി നേരിടേണ്ടിവരും. അധ്യാപകരുടെ തെറ്റായ അപേക്ഷ കൃത്യമായി പരിശോധിക്കാതെ അവധി അനുവദിച്ച ഹെഡ്മാസ്റ്റര്‍മാരുടെ വിവരം ഡി.ഡി .ഇമാര്‍ സര്‍ക്കാരിനു നല്‍കി.
ശമ്പളം, ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ്, പേ റിവിഷന്‍, പ്രമോഷന്‍ എന്നിവയില്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടച്ചു സര്‍വീസ് പുനഃക്രമീകരിക്കണമെന്നു ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
1990 മുതല്‍ പ്രസവാവധി എടുത്ത ഇത്തരം അധ്യാപകരുടെ വിശദവിവരങ്ങള്‍ എത്രയും പെട്ടെന്ന് ശേഖരിച്ച് വിദ്യാഭ്യാസ ഓഫിസര്‍മാരെ അറിയിക്കാനുള്ള നിര്‍ദേശം കേരളത്തിലെ മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."