കെവിന്‍ കേസ് വിചാരണ പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് 14ന്
കോട്ടയം: കെവിന്‍ പി. ജോസഫിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഓഗസ്റ്റ് 14ന് വിധി പറയും. ഇന്നലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസിന്റെ വിധി പറയുന്നത്. പുനലൂര്‍ സ്വദേശിനിയായ നീനുവും കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ ജോസഫും പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്ന നീനുവിന്റെ ബന്ധുകള്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഷാനു ചാക്കോ എന്നിവരടക്കം 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ദലിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 238 രേഖകള്‍, സി.സി.ടി.വി, മൊബൈല്‍ ഫോണുകള്‍, വാളുകള്‍ അടക്കം 56 അനുബന്ധ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. വിചാരണക്കിടെ ആറ് സാക്ഷികള്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. സാക്ഷിയെ മര്‍ദിച്ചതിന്റെ പേരില്‍ രണ്ട് പേരുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒന്നാം സാക്ഷിയായ അനീഷ് - നീനു എന്നിവരടക്കം 113 സാക്ഷികളെയാണ് വിസ്തരിച്ചത്. ദുരഭിമാനം മൂലമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന നിര്‍ണായക മൊഴി നീനു അടക്കമുള്ളവര്‍ നല്‍കി.
നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്‍ മുങ്ങിമരിച്ചെന്നു പറയുന്ന ചാലിയേക്കരയില്‍ അരയ്‌ക്കൊപ്പം മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. കെവിന്‍ തോട്ടില്‍ വീണ് മുങ്ങി മരിക്കില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."