മലയാളത്തിന്റെ ഗസല്നാദം നിലച്ചിട്ട് നാളെ ഒരു വര്‍ഷം; ഉമ്പായിയെ സ്മരിച്ച് കൊച്ചിയും കോഴിക്കോടും
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: മലയാളത്തിന്റെ ഗസല്നാദം നിശബ്ദമായിട്ട് നാളെ ഒരു വര്‍ഷം. ഗസല്‍ സംഗീത ശാഖയെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കിയ ഉമ്പായി എന്ന പി.എ ഇബ്രാഹീം വേര്‍പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ സംഗീതലോകത്ത് സജീവമാണ്.
പ്രിയ ഗായകന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്മരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉമ്പായിയുടെ ഇഷ്ടനഗരങ്ങളായ കൊച്ചിയും കോഴിക്കോടും. ഉമ്പായിയെ സംബന്ധിച്ചിടത്തോളം കലാരംഗത്തെ പെറ്റമ്മയും പോറ്റമ്മയുമായിരുന്നു ഈ രണ്ടു നഗരങ്ങളും. തബലയില്‍ തുടങ്ങിയ ഉമ്പായിയുടെ സംഗീതയാത്ര അഞ്ചു പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്നതായിരുന്നു.
വോക്കല്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത, ഹാര്‍മോണിയത്തില്‍ ഗുരുനാഥന്മാരില്ലാത്ത ഉമ്പായി സംഗീതത്തെ സ്വപ്രയത്നത്തിലൂടെയാണ് തന്റേതായ രീതിയില്‍ അവതരിപ്പിച്ചത്.
ഉര്‍ദു കവിതകളില്‍നിന്ന് മലയാളത്തിലേക്ക് ഗസല്‍ഗാന ശൃംഖലയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉമ്പായി വഹിച്ച പങ്ക് വലുതാണ്. ആദ്യകാലങ്ങളില്‍ കൊച്ചിയുടെ ജനകീയ ഗായകന് എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് മുംബൈയില്‍ ഉസ്താദ് മുജാവര്‍ അലിയുടെ ശിഷ്യനായി മാറുകയുമായിരുന്നു.
ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞ് മുജാവര്‍ അലിയാണ് ഗസലിന്റെ വഴിയിലേക്ക് നയിച്ചത്. ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ പാടിയിരുന്ന അദ്ദേഹം ജീവിക്കാനായി പകല്‍ സമയത്ത് മറ്റു ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.
'പ്രണാമം' എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ഗാന ആല്‍ബമായിരുന്നു 'അകലെ മൗനം പോലെ'. ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്കിയ ആല്‍ബമായിരുന്നു 'പാടുക സൈഗാള്‍ പാടുക' . എം. ജയചന്ദ്രനുമായി ചേര്‍ന്ന് 'നോവല്‍' എന്ന സിനിമയ്ക്കു സംഗീതവും നല്‍കിയിട്ടുണ്ട്. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
നാളെ കോഴിക്കോട് ടാഗോര്‍ഹാളില്‍ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിയഗായകനോട് ആദരമായി രണ്ടാം തിയതി വൈകിട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഉമ്പായി ഒരു ഓര്മ എന്ന പേരില്‍ ഒന്നാം ചരമവാര്‍ഷികം ആചരിക്കും.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ, നടന് റിസബാവ, കവി വേണു വി.ദേശം തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഉമ്പായിയുടെ സഹോദരീ പുത്രനും പ്രമുഖ ഗായകനുമായ സി.കെ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്പായിയുടെ ഗസലുകള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."