ഹോട്ടല്‍ മാലിന്യം ഓടയിലേയ്ക്ക് തള്ളി; നാട്ടുകാര്‍ പിടികൂടി
തിരൂരങ്ങാടി: സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കെ കക്കാട്ട് ദേശീയപാതയോരത്ത് ഹോട്ടല്‍ മലിനജലം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ കക്കാട് മസാഫി ഹോട്ടലിനെതിരേ കേസെടുത്തതായി തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഹോട്ടലിനോട് ചേര്‍ന്നുള്ള ടാങ്കില്‍ നിന്നും മലിനജലം മോട്ടോര്‍ ഉപയോഗിച്ച് ഓടയിലേയ്ക്ക് തള്ളുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലിസ് സ്ഥലത്തെത്തി പരിശോധിച്ചു. മലിനജലം പമ്പുചെയ്യാന്‍ ഉപയോഗിച്ച മോട്ടോറും ജനറേറ്ററും പൊലിസ് പിടിച്ചെടുത്തു. കക്കാട് മേഖലയില്‍ ഈയിടെ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കക്കാട് പ്രദേശത്തെ 23പേര്‍ പനിബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കാക്കാട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഉഡുപ്പി ഹോട്ടല്‍ നഗരസഭ അധികൃതര്‍ ഈയിടെ അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."