സ്വാശ്രയ മെഡി. പ്രവേശനം: ബാങ്ക് ഗാരന്റിക്കെതിരേ രക്ഷിതാക്കളുടെ സംഘടന
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗാരന്റി ആവശ്യപ്പെടുന്നതിനെതിരേ സ്വാശ്രയ കോളജുകളിലെ രക്ഷിതാക്കളുടെ സംഘടനയായ പാംസ് (പാരന്റ്‌സ് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ സ്റ്റുഡന്റ്‌സ്) രംഗത്ത്.
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുന്നതിനായി സര്‍ക്കാര്‍ സീനിയര്‍ അഭിഭാഷകരെ സുപ്രിംകോടതിയില്‍ നിയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ താല്‍ക്കാലിക ഉത്തരവുപ്രകാരം ബാങ്ക് ഗാരന്റി നല്‍കേണ്ടിവരുമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. 90 ശതമാനം രക്ഷിതാക്കള്‍ക്കും നാലുവര്‍ഷത്തെ ഫീസിന് തുല്യമായ ഗാരന്റി നല്‍കാന്‍ കഴിയില്ല. ഇത്തരമൊരു നീക്കവുമായി മാനേജ്‌മെന്റുകള്‍ രംഗത്തുവരുന്നത് പ്രവേശനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.
2017ല്‍ നീറ്റ് നടപ്പാക്കിയതുമുതല്‍ ഇന്നുവരെ ഒരു വിദ്യാര്‍ഥിയും രണ്ടുവര്‍ഷത്തെ ഫീസ് അടയ്ക്കാതിരിക്കുകയോ അതിന്റെപേരില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ബാങ്ക് ഗാരന്റി ആവശ്യപ്പെടുന്നത് അന്യായമാണ്.വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഗാരന്റി നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ നിന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാര്‍ഥികള്‍ പിന്മാറുകയും മെറിറ്റ് കുറഞ്ഞ സമ്പന്നര്‍ രംഗം കൈയടക്കുകയും ചെയ്യും. ഓരോ കോളജും 15 മുതല്‍ 23 ലക്ഷം രൂപ വരെയാണ് ഫീസായി ചോദിക്കുന്നത്. ഇത് കോടതി അംഗീകരിച്ചാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം നിര്‍ത്തേണ്ടിവരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."