സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളിലെ യൂനിഫോം വിവാദം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇടപെട്ടു; പ്രതിഷേധ മാര്‍ച്ച് മാറ്റിവച്ചു
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യൂനിഫോം വിവാദത്തെ തുടര്‍ന്നു ദര്‍സ് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു പരപ്പനങ്ങാടി മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു സ്‌കൂളിലേക്കു നടത്താനിരുന്ന ബഹുജന മാര്‍ച്ച് മാറ്റിവച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ലയുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്.
ദര്‍സ് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനു പരിഹാരമാകുന്ന വിധം യുക്തമായ നടപടിയെടുക്കുമെന്നു ഡി.ഡി.ഇ അറിയിച്ചു.
അതേസമയം, കുട്ടികള്‍ക്കു പ്രവേശനം നല്‍കാന്‍ തയാറാണെന്നും കുട്ടികളുമായി സ്‌കൂളിലെത്തണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി. അഹമ്മദ്കുട്ടി സംഘടനാ നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും താല്‍ക്കാലിക രക്ഷിതാവ് അഡ്മിഷന്‍ ഫോമുമായി സ്‌കൂളിലെത്തിയെങ്കിലും യഥാര്‍ഥ രക്ഷിതാക്കളും കുട്ടികളും വന്നാല്‍ മാത്രമേ പ്രവേശനം നല്‍കൂവെന്നായിരുന്നു പ്രധാനാധ്യാപികയുടെ നിലപാട്. തുടര്‍ന്നു യഥാര്‍ഥ രക്ഷിതാക്കളും കുട്ടികളും സ്‌കൂളിലെത്തിയപ്പോഴേക്കും പ്രധാനാധ്യാപിക സ്‌കൂളില്‍നിന്നു സ്ഥലം വിട്ടു.
യൂനിഫോം ഷര്‍ട്ടിനു മുറിക്കൈപാടുള്ളൂവെന്ന നിയമവ്യവസ്ഥയില്‍ ഒപ്പിടാതെതന്നെ പ്രവേശനം നേടാമെന്നും മറ്റും ഡി.ഇ.ഒ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശത്തില്‍ ഒപ്പിടാതെ പ്രവേശന ഫോമുമായി അപ്പോള്‍ അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ സമീപിച്ചപ്പോള്‍ നിയമനിര്‍ദേശത്തില്‍ ഒപ്പുവയ്ക്കാതെ പ്രവേശനം നല്‍കരുതെന്ന് പ്രധാനാധ്യാപിക പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചതോടെ രക്ഷിതാക്കളും കുട്ടികളും പ്രവേശനം നേടാന്‍ കഴിയാതെ മടങ്ങി.
ഇതിനിടയില്‍ സംഘടനാ നേതാക്കളെ മാറ്റിനിര്‍ത്തി രക്ഷിതാക്കളെക്കൊണ്ടു നിയമാവലിയില്‍ ഒപ്പുവയ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും രക്ഷിതാക്കള്‍ വഴങ്ങിയതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."