വന്‍മതില്‍ ചന്ദ്രനില്‍നിന്ന് കാണാനാകുമോ?
ചന്ദ്രനില്‍നിന്നു നോക്കിയാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന മനുഷ്യ നിര്‍മിത വസ്തുവാണ് ചൈനയിലെ വന്‍മതില്‍ എന്നൊരു വിശ്വാസമുണ്ട് നമുക്കിടയില്‍. പല മത്സരപരീക്ഷകളിലും ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും വരാറുണ്ട്. എന്നാല്‍ ചന്ദ്രനില്‍നിന്നു നോക്കിയാല്‍ ചൈനയിലെ വന്‍മതിലില്‍ പോയിട്ട് വന്‍മതിലിന്റെ രേഖാചിത്രം പോലും നഗ്നനേത്രം കൊണ്ടു നമുക്ക് കാണാന്‍ സാധിക്കില്ല. അപ്പോളോ യാത്രികരായ 12 പേരാണ് ചന്ദ്രനില്‍ ഇതുവരെ കടന്നെത്തിയവര്‍. അവരാരും ചൈനയിലെ വന്‍മതിലിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഭൂമിയില്‍നിന്ന് 180 മൈല്‍ ഉയരത്തില്‍നിന്നുള്ള ഫോട്ടോയില്‍ പോലും വന്‍ മതിലിനെ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല. പിന്നെയെങ്ങനെ ഭൂമിയില്‍നിന്ന് 38,4,400 കിലോമീറ്റര്‍ ദൂരത്തിലുള്ള ചന്ദ്രനില്‍നിന്നു വന്‍മതില്‍ കാണാന്‍ സാധിക്കുക?.
ഈ കെട്ടുകഥയുടെ ഉറവിടം തേടിച്ചെന്നാല്‍ നാമെത്തിച്ചേരുക അമേരിക്കന്‍ സാഹസിക സഞ്ചാരിയായ റിച്ചാര്‍ഡ് ഹാലിബര്‍ട്ടന്റെ സെക്കന്റ് ബുക്ക് ഓഫ് മാര്‍വല്‍സ് എന്ന പുസ്തകത്തിലാണ്. ചന്ദ്രനിലെത്തിയ സഞ്ചാരിയുടെ അനുഭവം പോലെയാണ് കഥയുടെ ഇതള്‍ വിരിയുന്നത്. 1938 ലാണ് പുസ്തകം പുറത്തിറങ്ങുന്നത്. എന്നാല്‍ 1969 ല്‍ മാത്രമാണ് മനുഷ്യന്‍ ആദ്യം ചന്ദ്രനിലെത്തുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേവലമൊരു സാങ്കല്‍പ്പിക കഥ വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചതു മൂലം ചന്ദ്രനില്‍നിന്നുള്ള വന്‍മതില്‍ കാഴ്ച ഇപ്പോഴും ആളുകള്‍ വിശ്വസിച്ചു കൊണ്ടേയിരിക്കുകയാണ്.
ഐസ് എല്ലാം
തണുത്തിട്ടാണോ?
ഇതെന്തു ചോദ്യമാണെന്നായിരിക്കും പല കൂട്ടുകാരും ചിന്തിക്കുന്നത്. ഐസ് തണുത്തതാണെന്നും പൂജ്യം ഡിഗ്രിക്കു മുകളിലുള്ള താപ നിലയില്‍ വെള്ളം കട്ടിയാവില്ലെന്നുമാണ് നാം ഇത്രയും കാലം മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ സത്യമതല്ല. ഉയര്‍ന്ന മര്‍ദം ഉപയോഗിച്ച് ഏതു താപനിലയിലും ഐസിനെ രൂപപ്പെടുത്തിയെടുക്കാം. ഭൗതിക ശാസ്ത്രജ്ഞനായ പി.ഡബ്ല്യൂ ബ്രിഡ്ജ്മാന്‍ അഞ്ചാം നമ്പര്‍ ഐസ് എന്നു പേരിട്ടു വിളിക്കുന്ന ഐസ് 76 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളതും തൊട്ടാല്‍ കൈപൊള്ളുന്നതുമായ ഐസാണ്. 20,600 അറ്റ്‌മോസ്ഫിയര്‍ മര്‍ദത്തിലാണ് ഈ ഐസ് രൂപപ്പെടുത്തിയെടുക്കേണ്ടത്. തമാശയായി തള്ളിക്കളയാന്‍ വരട്ടെ... ഉന്നത മര്‍ദം ഉപയോഗിച്ച് ഇത്തരം ശാസ്ത്ര നേട്ടങ്ങളിലേക്കു സൂചന നല്‍കിയതിന്റെ പേരില്‍ 1946 ലെ ഭൗതിക നൊബേല്‍ സമ്മാനം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കോമ്പസ് ഉപയോഗിച്ച്
വടക്ക് കണ്ടെത്താമോ?
മാഗ്നറ്റിക് കോമ്പസ് (വടക്കു നോക്കി യന്ത്രം) ഉപയോഗിച്ച് വടക്കു കണ്ടെത്താമെന്നു കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടല്ലോ. കോമ്പസിന്റെ സൂചി എപ്പോഴും വടക്കു ദിശയിലേക്കു ചെരിഞ്ഞിരിക്കുന്നതു മൂലമാണ് ഈ കാര്യം സാധിക്കുന്നത്. നിങ്ങള്‍ ഒരു ബാര്‍ മാഗ്നറ്റിക് പരിശോധിച്ചാല്‍ അവയ്ക്കു രണ്ടു വശങ്ങള്‍ ഉണ്ടാകും. നോര്‍ത്ത് പോളും സൗത്ത് പോളും. കാന്തങ്ങളുടെ പ്രാഥമിക ഗുണം ആകര്‍ഷണ വികര്‍ഷണങ്ങളാണ്. വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും ചെയ്യും. നാം അധിവസിക്കുന്ന ഭൂമി വലിയൊരു കാന്തമാണെന്നാണ് ശാസ്ത്രത്തിന്റെ വാദം. ഒരു കാന്തത്തെ തൂക്കിയിട്ട്് സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ കാന്തിക സൂചി തെക്ക് വടക്ക് ദിശയില്‍ നില്‍ക്കും. ഇതു പോലെ ഭൂമിയേയും സ്വതന്ത്രമായി ചലിക്കാന്‍ അനുവദിച്ചാല്‍ ഭൂമിയും ഒരു കാന്തിക മണ്ഡലത്തെയാശ്രയിച്ച് നില്‍ക്കും. ഭൗമകാന്തികതയെന്നാണ് ഈ പ്രത്യേകതയെ വിളിക്കുന്നത്. ശാസ്ത്രജ്ഞനായ വില്യം ഗില്‍ബര്‍ട്ടാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
ഭൂമിക്കുള്ളിലെ ഇരുമ്പിന്റെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന് ഗില്‍ബര്‍ട്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞുവച്ചു. ഭൂമിക്ക് സ്വന്തമായൊരു കാന്തിക ധ്രുവം ഉണ്ടെന്നു പറഞ്ഞല്ലോ. ഭൂമിക്കുള്ളിലെ വോള്‍ട്ടന്‍ സ്‌റ്റേറ്റിനകത്തായി സ്ഥിതിചെയ്യുന്ന വളരെ ദുര്‍ബലമായ മാഗ്നറ്റിക് ഫീല്‍ഡാണിത്. ഭൂമിയുടെ മാഗ്നറ്റിക് നോര്‍ത്ത് പോളായ ഈ വശത്തേക്കാണ് കോമ്പസിന്റെ സൂചി ആകര്‍ഷിക്കപ്പെടുന്നത്. അതായത് ഭൂമിയുടെ വടക്കു ഭാഗത്തേക്കല്ല ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ വടക്കുഭാഗത്തേക്കാണെന്ന് സാരം. ഭൂമി കറങ്ങുന്ന അച്ചുതണ്ടിന്റെ ഒരു വശത്തെയാണ് വടക്ക് എന്നു നാം പറയുന്നത്. ഇത് ആര്‍ട്ടിക ്‌സമുദ്രത്തിന്റെ മധ്യഭാഗത്തായാണ് വരുന്നത്. വടക്കു നോക്കിയന്ത്രം കാണിക്കുന്ന മാഗനറ്റിക് നോര്‍ത്താകട്ടെ (നോര്‍ത്ത് ഡിപ് പോള്‍) ഭൂമിയുടെ യഥാര്‍ഥ വടക്ക് പതിനൊന്ന് ഡിഗ്രിയോളം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. മാഗ്നറ്റിക് ഡെക് ലിനേഷന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. വടക്കന്‍ കാനഡയിലെ എല്‍സ് മീര്‍ ഐലന്റിലാണ് ഇപ്പോള്‍ ഈ ഭാഗം. കേവലം പതിനൊന്ന് ഡിഗ്രിയെന്ന് പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഭൂമിയുടെ മാഗ്നറ്റിക് നോര്‍ത്തും ജോഗ്രഫിക്കല്‍ നോര്‍ത്തും തമ്മില്‍ ഏകദേശം 500 കിലോമീറ്റര്‍ വരെ ദൂരമുണ്ട്. വരുംകാലങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകാം. പോളാര്‍ ഷിഫ്റ്റ് തിയറിയിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്.
മിന്നലുള്ളപ്പോള്‍
മൊബൈല്‍ ഫോണ്‍
പൊട്ടിത്തെറിക്കുമോ?
സാമൂഹ്യ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകളിലൊന്നാണിത്. യഥാര്‍ഥത്തില്‍ ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കാവുന്ന വസ്തുവാണ് മൊബൈല്‍ ഫോണ്‍. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി ഇടിമിന്നലിലുണ്ട്. വൈദ്യുതി കടന്നു പോകാന്‍ സാധ്യതയുള്ള ചാലകങ്ങളിലെല്ലാം മിന്നലും കടന്നു പോകും. തുറന്ന സ്ഥലത്ത് ഇടിമിന്നലുള്ളപ്പോള്‍ നില്‍ക്കുന്നത് തന്നെ മിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. അത്തരം സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇടിമിന്നലുള്ളപ്പോള്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും അപകടം വരുത്തിവയ്ക്കും. ലോഹ പാളികള്‍ ഉള്ള മൊബൈല്‍ ഫോണുമായി (സംസാരിക്കണമെന്നില്ല) തുറന്ന സ്ഥലത്തുനില്‍ക്കുന്നതും വാച്ചോ മാലയോ ധരിച്ച് നില്‍ക്കുന്നതും ഒരു പോലെയാണെന്നു സാരം. വീട്ടിനകത്തുവച്ച് ഇടിമിന്നലുള്ളപ്പോള്‍ (ലോഹപാളികളില്‍ സ്പര്‍ശിച്ചോ ചാര്‍ജ്ജ് ചെയ്‌തോ അല്ലാതെ) മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കാം.
ചില ഫോണ്‍ കോള്‍
സ്വീകരിച്ചാല്‍ ഫോണ്‍
പൊട്ടിത്തെറിക്കുമോ?
വര്‍ത്തമാന കാലത്ത് ഏറെ ദുരുപയോഗം ചെയ്ത വാര്‍ത്തയാണിത്. മൊബൈല്‍ ഫോണില്‍ പൊട്ടിത്തെറിക്കുന്ന എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതാനും ഇലക്ട്രോണിക്‌സ് കമ്പോണന്‍സും ബാറ്ററിയുമാണ്. ഇതില്‍ ബാറ്ററി ചില സമയങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകുകയോ ചൂട് പിടിക്കുകയോ കത്തിപ്പോകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കണമെങ്കില്‍ സ്‌ഫോടക വസ്തുക്കള്‍ തന്നെ നിറയ്‌ക്കേണ്ടതുണ്ട്. അത്തരമൊരു ഫോണ്‍ ആരെങ്കിലും നിങ്ങള്‍ക്ക് സമ്മാനിക്കുകയും സ്‌ഫോടനം നടത്താനാവശ്യമായ സോഫ്റ്റ് വെയര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ പൊട്ടിത്തെറിക്കാമെന്നല്ലാതെ ഒരിക്കലും സാധാരണ ഫോണ്‍ നമ്പറില്‍നിന്നുള്ള കോള്‍ സ്വീകരിച്ചതിന്റെ പേരില്‍ പൊട്ടിത്തെറിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."