ബേക്കല്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
ചട്ടഞ്ചാല്‍: കാസര്‍കോട്-ചട്ടഞ്ചാല്‍-ബേക്കല്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വിസ് നടത്തുന്ന സകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള യാത്രക്കാര്‍ വലഞ്ഞു. ബസ് തടഞ്ഞനിര്‍ത്തി കണ്ടക്ടറെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലോടുന്ന ദേവിപ്രസാദ് ബസിലെ കണ്ടക്ടര്‍ രവിപ്രസാദിനെ (49) പള്ളിക്കര ചാമുണ്ഡിക്കുന്നില്‍ വച്ച് ഒരുസംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ രവിപ്രസാദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം നേരത്തെ മറ്റൊരു ബസിലെ ക്ലീനറെ അക്രമിച്ചതായും പറയുന്നു. പ്രസ്തുത സംഭവത്തില്‍ പരാതി നല്‍കിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് വീണ്ടും മര്‍ദനം ഉണ്ടായെതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലല്ല സമരമെന്നും, അടിക്കടിയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തന്നെയാണ് ബസ് സമരം നടത്തുന്നതെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. മിന്നല്‍ പണിമുടക്കിനോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ അടിക്കടി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അക്രമ സംഭവത്തില്‍ അപലപിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പൊലിസിന്റെ ഭാഗത്തുനിന്ന് അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു ഇടയാകുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."