കേസുകള്‍ വഴിതിരിച്ചു വിടുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്ക്: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരു കൂട്ടരും നിഷ്പക്ഷത പാലിക്കണം. ചാരക്കേസ് ഇതുസംബന്ധിച്ച വലിയൊരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസില്‍ നമ്പി നാരായണന്‍ മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. ഒരുപാട് പേര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഇവിടെയാണ് അന്വേഷണ ഏജന്‍സികളുടെ ജാഗ്രതയുടെ പ്രശ്‌നം വരുന്നത്. എപ്പോഴും അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ് പ്രധാനം. കേസുകളുടെ യഥാര്‍ഥ വശം കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം.
കേസുകള്‍ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. നിഷ്പക്ഷത പാലിക്കാതെയും അന്വേഷണം തങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ വഴിതിരിച്ചുവിടുന്നതും പലപ്പോഴും സംഭവിക്കുന്നുണ്ട്. അത്തരം നടപടി എത്രകണ്ട് വഴി തെറ്റിക്കുമെന്നതിന്റെ ശരിയായ പാഠമാണ് ഈ കേസ്. മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാവുമ്പോള്‍ നിരപരാധികളെ ക്രൂശിക്കുന്ന അവസ്ഥയുണ്ടാവുമെന്ന് ഈ കേസിലൂടെ വ്യക്തമായി. നിക്ഷിപ്ത താല്‍പര്യക്കാര്‍ നിശ്ചയിക്കുന്ന അജണ്ട അനുസരിച്ച് നീങ്ങേണ്ടിവരുമ്പോഴാണ് ഈ ആപത്ത് സംഭവിക്കുന്നത്.
യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഈ പീഡനം നടത്തിയ ഉദ്യോഗസ്ഥരാണ്. ഇതിന്റെ നിയമവശം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിനെ തുടര്‍ന്ന് ഒരുപാട് സമയവും വര്‍ഷവും നഷ്ടപ്പെട്ടിട്ടും പോരാടിയ നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം പിണറായി വിജയന്‍ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഈ കേസിലൂടെ ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് പദ്ധതി 14 വര്‍ഷം പിന്നിലേക്ക് പോയി. ഇതിന് പിന്നില്‍ കളിച്ചവരെ കണ്ടെത്തണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷനായി.
മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, ടി.പി രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എ. സമ്പത്ത് എം.പി, സി. ദിവാകരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്, എം.വി ജയരാജന്‍, രമണ്‍ ശ്രീവാസ്തവ, ചെറിയാന്‍ ഫിലിപ്പ്, നമ്പി നാരായണന്റെ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."