നവാഗതരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി
പാവറട്ടി: ഇന്ന് പുത്തന്‍ പ്രതീക്ഷയുമായെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ എല്ലാ വിദ്യാലയങ്ങളും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു ഒരുങ്ങി. മുല്ലശ്ശേരി ബി.ആര്‍.സി പരിധിയില്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 781 കുട്ടികള്‍ ഒന്നാം ക്ലാസില്‍ പുതുതായി എത്തും.
കഴിഞ്ഞ അധ്യായന വര്‍ഷത്തേക്കാള്‍ 88 വര്‍ദ്ധനവാണ് ഒന്നാം ക്ലാസില്‍ മാത്രം ഉള്ളത്. ആറാം പ്രവൃത്തി ദിന കണക്കെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണമായ ചിത്രം ലഭ്യമാവൂ. അക്ഷര മധുരം നുണയാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയങ്ങളില്‍ നടക്കുന്നത്, സ്‌കൂള്‍ തലത്തിലൂം പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ഇന്ന് പ്രവേശനോത്സവം നടത്തും.
ബ്ലോക്ക്തല ഉദ്ഘാടനം എളവള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മണലൂര്‍ നിയോജക മണ്ഡലം എല്‍.എല്‍.എ മുരളി പെരുനെല്ലി നിര്‍വ്വഹിക്കും. അറ്റകുറ്റപ്പണികള്‍ നടത്തിയും പെയിന്റടിച്ചും എല്ലാ വിദ്യാലയങ്ങളും മുഖം മിനുക്കിയിട്ടുണ്ട്. ആകര്‍ഷകമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച പുറം ചുമരുകളും ക്ലാസ് മുറിക്കകത്തെ വിസ്മയ ചുമരുകളും മിക്കവാറും എല്ലായിടത്തും തയ്യാറായിക്കഴിഞ്ഞു. കൃത്യമായ അക്കാദമിക കാഴ്ചപ്പാടോടെയാണ് വിസ്മയച്ചുമരുകളും മേജിക് വോളുകളും നിര്‍മ്മിച്ചിട്ടുള്ളത്.
ബിഗ് പിക്ചര്‍, സാന്റ് ട്രേ എന്നിവയും ചില വിദ്യാലയങ്ങളില്‍ സജ്ജമായിട്ടുണ്ട്. ക്ലാസ് റൂം ക്രമീകരണവും ക്ലാസ് ലൈബ്രറി ഒരുക്കലും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. അവധിക്കാലമായിട്ടും മുന്നൊരു ക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധ്യാപകര്‍ സജീവമായി രംഗത്തുണ്ട്. എല്ലായിടത്തും സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍
പ്രവേശന ക്യാമ്പയിന്‍ നടത്തി. മെയ് 25 ന് വിദ്യാലയങ്ങളില്‍ നടന്ന സമന്വയം ശില്‍പശാലയില്‍ അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും പങ്കെടുത്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി ജൂണ്‍ മാസത്തിലെ അക്കാദമിക കലണ്ടര്‍ രൂപീകരിച്ച് പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാദിനം എന്നിവ കൃത്യമായി ആസൂത്രണം ചെയ്തു. ജൂണ്‍ മാസത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ വിളിച്ചു ചേര്‍ത്ത് ഇവ വിശദീകരിക്കും.
ഈ അധ്യായന വര്‍ഷത്തിലെ മുഖ്യ ആകര്‍ഷകമായ ജൈവ വൈവിധ്യ പാര്‍ക്കിന്റെ നിര്‍മാണം എല്ലാ വിദ്യാലയങ്ങളിലും പുരോഗമിക്കുകയാണ്. മഴക്കുഴി നിര്‍മാണവും വിദ്യാലയങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ കുട്ടികളും അധ്യാപകരും മഴക്കുഴി വീട്ടില്‍ നിര്‍മ്മിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."