ലുബാനു ശേഷം തിത്‌ലി; ഒഡിഷയില്‍ പ്രളയഭീതി
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട അതിന്യൂനമര്‍ദം (ഡീപ് ഡിപ്രഷന്‍) ശക്തിയാര്‍ജിച്ച് തിത്‌ലി ചുഴലിക്കാറ്റായി. ഇതു വീണ്ടും ശക്തിപ്പെട്ട് തീവ്രചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഒഡിഷ തീരം ലക്ഷ്യംവച്ചു നീങ്ങുന്ന തിത്‌ലി ഒഡിഷയില്‍ പ്രളയമുണ്ടാക്കുമെന്നാണ് നിഗമനം.
ഇതേ തുടര്‍ന്ന് ഒഡിഷയില്‍ റെഡ് അലര്‍ട്ടും ബംഗാളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിത്‌ലിയെ തുടര്‍ന്ന് കേരളത്തില്‍ 14നും 15നും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും പ്രളയഭീഷണിയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
ഇന്നും നാളെയും കേരളത്തില്‍ മഴ ലഭിക്കും. പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് തിത്‌ലി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഒഡിഷയിലെ ഗോപാല്‍പൂരില്‍ നിന്ന് 530 കി.മി തെക്കുകിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തില്‍ നിന്ന് കിഴക്ക്-തെക്കുകിഴക്ക് 480 കി.മി അകലെയാണ് ഇപ്പോള്‍ തിത്‌ലിയുടെ സ്ഥാനം.
അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രചുഴലിക്കാറ്റാകാനാണ് സാധ്യത. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും ഇടയിലൂടെ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."