സഭാതര്‍ക്കം: സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം പരിഹരിക്കാന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച.
മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവി, ചീഫ് സെക്രട്ടറി, സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
അതേസമയം, സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചിട്ടുണ്ട്. അതിനിടെ, സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ സുപ്രിംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ ചീഫ് സെക്രട്ടറി ടോം ജോസിന് കത്തുനല്‍കി. സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹരജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് സൂചന.
സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഇന്ന് വിപുലമായ ചര്‍ച്ച നടത്താനിരിക്കെയാണ് ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പള്ളിത്തര്‍ക്കങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധത്തിലാണ്. വിധി നടപ്പാക്കാതെ ഒരു സമവായത്തിനുമില്ലെന്ന് നേരത്തേതന്നെ സഭാ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ നടന്ന സമവായ ചര്‍ച്ചയിലും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭ മന്ത്രി ഇ.പി ജയരാജനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷവും ആലപ്പുഴ കട്ടച്ചിറയിലും മൂവാറ്റുപ്പുഴ, മുടവൂര്‍ പള്ളികളിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സാഹചര്യത്തിലാണ് വീണ്ടും സമവായത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."