സി.കെ രാമചന്ദ്രന്റെ കൊലപാതകം: പ്രതിഷേധവുമായി അന്നൂര്‍ പൗരാവലി
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്ത്തകന് സി.കെ രാമചന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി ജന്മനാട്ടില് പൗരാവലിയുടെ പ്രതിഷേധം. ഹിംസയുടെ രാഷ്ട്രീയത്തെ പടിക്കു പുറത്ത് നിര്‍ത്തുകയെന്ന ആഹ്വാനവുമായി അന്നൂര്‍ വില്ലേജ് ഹാളില്‍ നടന്ന പരിപാടിയില്‍ കക്ഷി രാഷ്ട്രീയമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേര് പങ്കെടുത്തു. കൊല്ലപ്പെട്ട രാമചന്ദ്രന്റെ രാഷ്ട്രീയം മാറ്റിനിര്‍ത്തി അന്നൂരിലെ ഒരു പൗരന്റെ കൊലപാതകം എന്ന നിലയിലാണ് അന്നൂര്‍ പൗരാവലി പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. മനുഷ്യാവകാശ പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. പാടത്ത് പണിക്കു വന്നാല്‍ വരമ്പത്ത് കൂലിയെന്ന ചില പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശം അതിന്റെ സ്വഭാവത്തെ തന്നെ മാറ്റിയെന്ന് സി.ആര് നീലകണ്ഠന് പറഞ്ഞു. പണിക്കും കൂലിക്കും വേണ്ടി മുമ്പ് സമരം ചെയ്തിരുന്നത് ഇവര്‍ ഓര്‍ക്കണം. ഇപ്പോള്‍ പണിയും കൂലിയും മാറി. ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറ്റി. നേതാക്കളുടെ വാക്കുകള്‍ പോലും അരാഷ്ട്രീയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്തായി ബാലന് അധ്യക്ഷനായി. കെ രാമചന്ദ്രന് സംസാരിച്ചു. കെ രാജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. ഹിംസയും കൊലപാതകവും നടപ്പാക്കുന്ന രാഷ്ട്രീയത്തിനെതിരെയും ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്നും പ്രതിജ്ഞയെടുത്താണ് ചടങ്ങില്‍ പങ്കെടുത്തവര്‍ മടങ്ങിയത്. പരിസ്ഥിതി പ്രവര്ത്തകന് ഭാസ്കരന് വെള്ളൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കനത്ത പൊലിസ് സുരക്ഷയിലാണ് പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."