പി.വി അബ്ദുല്‍ വഹാബ് രാജിവെക്കണമെന്ന്; രൂക്ഷവിമര്‍ശനവുമായി മുഈനലി തങ്ങള്‍
കോഴിക്കോട്: മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍.
നിര്‍ണായകസമയത്ത് പാര്‍ലമെന്റില്‍ എം.പിമാര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്ന് മുഈന്‍അലി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എം.പിമാരെ അങ്ങോട്ട് പറഞ്ഞയക്കുന്നത്. എത്രയോ സമയമുണ്ടായിട്ട് അവിടെ എത്താതിരുന്നത് അംഗീകരിക്കാനാവില്ല. സംഘടനയുടെ നിലപാട് പറയാന്‍ അത് വഴി കഴിഞ്ഞില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്. വലിയ പ്രയാസത്തിലാണ് പാര്‍ട്ടി അതിനെ കാണുന്നത്. ഇങ്ങനെ വിഷയം വരുമ്പോള്‍ അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്. എന്‍.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികളും ടി.ആര്‍.എസ്, ടി.ഡി.പി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു.
അതേസമയം ബില്ലിനെതിരേ ആഞ്ഞടിച്ച് സി.പി.എമ്മിന്റെ എളമരം കരീം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍കൊണ്ടുവരുന്നതെന്നും എളമരം കരീം രാജ്യസഭയില്‍ പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് എം.പി പ്രതികരിച്ചിട്ടുണ്ട്. മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമാണെന്നും വാട്ടെടുപ്പില്‍ താന്‍ പങ്കെടുത്തില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മുസ്ലിംലീഗ് ദേശീയ ഖജാഞ്ചി പി.വി അബ്ദുല്‍വഹാബ് സുപ്രഭാതത്തോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."