ഇന്ന് ലോക ക്ഷീര കര്‍ഷക ദിനം പാഠം ഒന്ന്: ജോസഫിന്റെ പാലാഴി
അമ്പലവയല്‍: 20 പശുക്കള്‍, പ്രതിദിനം 200 ലിറ്റര്‍ പാല്‍.. ക്ഷീര കര്‍ഷകര്‍ക്ക് പഠിക്കാനേറെയുണ്ട് അമ്പലവയല്‍ കരടിപ്പാറ ആലില കുഴിയില്‍ ജോസഫ് (61) ന്റെ കൃഷി രീതികളില്‍ നിന്ന്. പശു വളര്‍ത്തല്‍ മാത്രമല്ല, അവയ്ക്ക് നല്‍കുന്ന തീറ്റയുടെ കാര്യത്തിലും ജോസഫ് വ്യത്യസ്തനാണ്. സ്വന്തമായി വിളയിച്ചെടുത്ത തീറ്റ പുല്ലും ചോളവും മാത്രമാണ് ജോസഫ് പശുക്കള്‍ക്ക് നല്‍കുന്നത്. ചോള പുല്ലും തീറ്റ പുല്ലും ജൈവ രീതിയിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചും ജോസഫ് മുളപ്പിച്ചെടുക്കുകയാണ്. മണ്ണില്ലാതെ ജലം മാത്രം ഉപയോഗിച്ചാണ് ഇവ മുളപ്പിക്കുന്നത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും ചോളം കൊണ്ട് വന്ന് പ്രത്യേക രീതിയില്‍ മുളപ്പിച്ചാണ് നല്‍കുന്നത്. ഏറെ രുചികരവും പോഷക ഗുണവും ഉള്ള പുല്ലായതിനാല്‍ പശുക്കള്‍ ആര്‍ത്തിയോടെയാണ് തിന്നുന്നത്.
കാസര്‍കോട് കുള്ളന്‍, ജഴ്‌സി, വെച്ചൂര്‍ തുടങ്ങി ആറ് ഇനത്തില്‍പെട്ട 20 പശുക്കളാണ് ജോസഫിന്റെ ആലയില്‍ വളരുന്നത്. ഇവയില്‍ നിന്നും 200 ലിറ്റര്‍ പാലും പ്രതിദിനം ലഭിക്കുന്നുണ്ട്. ജോസഫിന്റെ കൃഷിയുടെ മേന്മ തിരിച്ചറിത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ധര്‍ ഫാം കാണാന്‍ എത്തുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ കൃഷിരീതി മനസിലാക്കി അതുപോലെ ചെയ്തതാണ് വിജയത്തിന് കാരണമെന്ന് ജോസഫ് പറയുന്നു. ഗുണമേന്മയുള്ള പാലുല്‍പാദനം നടത്തുമ്പോള്‍ പാലിന് ഉയര്‍ന്ന വില കിട്ടുന്നില്ലെന്ന പരാതിയുണ്ട് ഈ കര്‍ഷകന്. ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡിയോടെയാണ് തൊഴുത്ത് നിര്‍മിച്ചത്. 2016ലെ വയനാട്ടിലെ മികച്ച ക്ഷീര കര്‍ഷകനായി ജോസഫ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ക്ഷീര മേഖലയിലും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും ഇത് ഗുണമേന്മയുള്ള പാലുല്‍പാദനത്തിന് സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."