ദേശീയപാത പദവി നഷ്ടമായതില്‍ സമരസമിതിക്ക് ആശ്വാസം
വടകര: കണ്ണൂര്‍, കുറ്റിപ്പുറം റോഡിന് ദേശീയപാത പദവി നഷ്ടപ്പെട്ടത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ റോഡ് വികസനം സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സമരം ചെയ്യുന്ന കര്‍മസമിതിയ്ക്ക് ആശ്വാസമാകുന്നു. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകളും, വൈന്‍ പാര്‍ലറുകളും തുറക്കാനായി ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2014ല്‍ കണ്ണൂര്‍, കുറ്റിപ്പുറം പാതയുടെ ദേശീയപാത പദവി, അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം വഴി എടുത്തുകളഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതിയിറക്കിയത്. 2014 ലില്‍ കോഴിക്കോട് ജില്ലയില്‍ അടക്കം കര്‍മസമിതി നടത്തിയ സമര പരമ്പരകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് ഭൂമിയേറ്റെടുക്കല്‍ നടപടി കാര്യക്ഷമമായി നടത്താന്‍ കഴിയാതെയായി. ഇതോടെ ദേശീയ പാത അതോറിറ്റി കണ്ണൂര്‍-കുറ്റിപ്പുറം റോഡിന്റെ പാതവികസനമടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍വാങ്ങി ഇത് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.
അതോറിറ്റി കൈയൊഴിഞ്ഞതോടെ ഇപ്പോള്‍ പാതവികസനം സ്വന്തം നിലയില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയായിരിക്കുകയാണ്. ദേശീയ പാത അതോറിറ്റി ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ദേശീയ പാത വികസിപ്പിക്കൂ. 45 മീറ്റര്‍ വീതിയില്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാലേ പാത വികസനം അതോറിറ്റിക്കാര്‍ നടപ്പിലാക്കൂ എന്നതാണ് പ്രധാന മാനദണ്ഡം.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിക്കുമ്പോള്‍ 30 മീറ്ററില്‍ 4 വരിപ്പാത നിര്‍മിക്കാന്‍ കഴിയും. അതോറിറ്റി പിന്‍വാങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിന് മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് ഇവിടങ്ങളില്‍ പാത വികസനം നടത്തേണ്ടി വരും.
ജില്ലയില്‍ വടകരയിലും, കൊയിലാണ്ടിയിലും പാതവികസനം നടപ്പിലാക്കാനായി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഹൈക്കോടതി വിധിയോടെ ഇവരുടെ ജോലി തലശ്ശേരി - മാഹി, നന്തി - ചെങ്ങോട്ട്കാവ് ബൈപാസുകളുടെ സ്ഥലമെടുപ്പുകളില്‍ മാത്രം ഒതുങ്ങും. ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ് ലാന്റ് അക്വസിഷന്‍ അധികൃതര്‍.
ദേശീയപാത സംബന്ധിച്ച അതോറിറ്റി ഉത്തരവ് വന്നതോടെ പാത വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പാക്കി 30 മീറ്ററില്‍ 4 വരിപ്പാത യാഥാര്‍ഥ്യമാക്കണമെന്നാണ് കര്‍മസമിതി അഭിപ്രായപ്പെടുന്നത്. 30 മീറ്ററില്‍ പാത പണിയാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കര്‍മസമിതിയുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
45 മീറ്റര്‍ പാതക്കെതിരേ ഇപ്പോഴും സമരങ്ങള്‍ നടന്നുവരികയാണ്. ദേശീയപാത പദവി കണ്ണൂര്‍ - കുറ്റിപ്പുറം റോഡിന് എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ റദ്ദാക്കാനും നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാനും സര്‍ക്കാര്‍ തയാറാവണമെന്ന് കര്‍മസമിതി സംസ്ഥാന സമിതിയംഗം പ്രദീപ് ചോമ്പാല, ജില്ല കണ്‍വീനര്‍ എ.ടി മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."