പാര്‍ക്കിങ് കരാറുകാരനേയും സഹായിയേയും ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വാഹന പാര്‍ക്കിങ് കരാറുകാരനേയും സഹായിയായ യുവാവിനേയും സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി.
ആശുപത്രിയിലെ വാഹന പാര്‍ക്കിങ് കരാര്‍ എടുത്തിട്ടുള്ള കൊട്ടാരക്കര കിഴക്കേക്കര കൊച്ചു കുന്നത്ത് വീട്ടില്‍ വേണു (45) ആണ് മര്‍ദ്ദനമേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെ ആണ് സംഭവം. ആശുപത്രി പരിസരത്ത് പാര്‍ക്കിങിന് തുക പിരിക്കുന്ന യുവാവിനെ അകാരണമായി സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം തിരക്കാന്‍ ചെന്ന വേണുവിനേയും ഇയാള്‍ മര്‍ദിച്ചെന്നാണ് പരാതി.
ആംബുലന്‍സ് ഡ്രൈവറായ സിദ്ദീഖ് ആണ് തന്നെ മര്‍ദിച്ചതെന്ന് വേണു പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു. സ്വകാര്യ ആംബുന്‍സ് ഡ്രൈവര്‍മാരെ സംബന്ധിച്ച് നിരവധി പരാതികള്‍ മുന്‍പ് ഉയര്‍ന്നിരുന്നു. ആശുപത്രി വളപ്പില്‍ നിന്നും ഇവരെ പുറത്താക്കണമെന്ന് ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ചില രാഷ്ട്രീയ ഇടപെടല്‍ ഇവര്‍ക്ക് സഹായമാകുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പുതിയ സംഭവത്തോടെ സ്വകാര്യ ആംബുലന്‍സുകളെ പൊലിസ് ആശുപത്രി വളപ്പില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."