പുതിയ കെട്ടിടം നിര്‍മിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കി പ്രവര്‍ത്തനം മുടങ്ങുമെന്ന് ആശങ്ക
രാജപുരം: പ്രാഥമികാരോഗ്യ കേന്ദ്രം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പകരം സംവിധാനമൊരുക്കാതെ കെട്ടിടത്തിന്റെ ഒരു ഭാഗവും ശൗചാലയവും പൊളിച്ചു നീക്കിയതു രോഗികള്‍ക്കു ദുരിതമാകുന്നു. പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്കാണ് ഈ ദുരവസ്ഥ. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണു പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ബ്ലോക്കിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയതോടെ കിടത്തിച്ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി മുടങ്ങുമോയെന്ന ആശങ്കയാണു നാട്ടുകാര്‍ക്കുള്ളത്.
പനത്തടി പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമാണിത്. സ്ഥിരമായി ഡോക്ടര്‍മാരും ആവശ്യത്തിനു ജീവനക്കാരും ഇല്ലാത്തതു രോഗികളെ ഏറെ വലയ്ക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മലയോരത്തു നിന്നു യാത്രാദുരിതവും പേറി നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
മെഡിക്കല്‍ ലാബ് സൗകര്യം ഉണ്ടെങ്കിലും ടെക്‌നീഷ്യനില്ലാത്തതിനാല്‍ ലാബ് പ്രവര്‍ത്തന സജ്ജമല്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുള്ള പ്രദേശത്തു ഐ.പി ബ്ലോക്ക് പൂട്ടിയതു രോഗികളെ ബാധിക്കുകയാണ്.
കല്ലപ്പള്ളി, എള്ളുകൊച്ചി, ചെത്തുകയം, ഓട്ടമല തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണിത്. ഐ.പി വിഭാഗം ആവശ്യമായ സൗകര്യങ്ങളോടെ തുടര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലാബ് സൗകര്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പാണത്തൂര്‍ ടൗണില്‍ ഓഗസ്റ്റ് ആറിനു വിശദീകരണ യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."