ഉസാമയുടെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മരണത്തെത്തുടര്‍ന്ന് അല്‍ഖാഇദയുടെ നേതൃത്വമേറ്റെടുത്തെന്നു കരുതുന്ന മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ എന്‍.ബി.സിയാണ് ആദ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചെന്നും എന്നാല്‍ എവിടെവച്ച്, എപ്പോള്‍, എങ്ങിനെ കൊല്ലപ്പെട്ടു എന്നത് വ്യക്തമല്ലെന്നുമായിരുന്നു എന്‍.ബി.സിയുടെ റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നു യു.എസ് വൃത്തങ്ങള്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫിസോ പാക്, അഫ്ഗാന്‍ അധികൃതരോ ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. തന്നെയുമല്ല വാര്‍ത്തയോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിസമ്മതിക്കുയും ചെയ്തു. ഉസാമയുടെ മൂന്നാമത്തെ ഭാര്യയുടെ മകനായ ഹംസ, അദ്ദേഹത്തിന്റെ 20 മക്കളില്‍ പതിനഞ്ചാമനാണ്.
2017 ല്‍ ഹംസയെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഹംസയുടെ തലക്ക് അമേരിക്ക പത്തുലക്ഷം ഡോളര്‍ വിലയിടുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഹംസയുടെ പൗരത്വം സഊദി അറേബ്യ എടുത്തുകളയും ചെയ്തു. എന്നാല്‍, ഹംസ എവിടെയാണുള്ളതെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇറാനില്‍ വീട്ടുതടങ്കലിലോ അഫ്ഗാന്‍, പാക്, സിറിയ എന്നീ രാജ്യങ്ങളില്‍ എവിടെയോ ആണെന്നാണ് സംശയിക്കുന്നത്. 2001 ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാരകേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദയും ഉസാമാബിന്‍ലാദനുമാണെന്ന് ആരോപിച്ച് അമേരിക്ക ആക്രമണം നടത്തിയതോടെ പിതാവുമായി വേര്‍പിരിഞ്ഞ ഹംസ പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് കരുതുന്നത്. ഈ സംഭവത്തോടെ ഹംസയും ഉമ്മയും സഹോദരങ്ങളും അഫ്ഗാനിലെ ജലാലാബാദിലേക്കു പോയി. തുടര്‍ന്ന് അവിടെ നിന്ന് ഇറാനിലേക്കും. പിന്നീട് ഏതാനും വര്‍ഷം ഇറാനില്‍ വീട്ടുതടങ്കലിലായി. എന്നാല്‍, ശേഷം ഹംസക്ക് എന്തുസംഭവിച്ചെന്നോ എവിടെയാണെന്നോ എന്നതിന് സ്ഥിരീകരണമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."