പട്ടിണി മൂലം മക്കളെ സ്‌കൂളിലയക്കാനാകാതെ ഒരു കുടുംബം
കുന്നംകുളം: പട്ടിണി മൂലം മക്കളെ സ്‌കൂളിലയക്കാനാകാതെ ഒരു കുടുംബം. കടവല്ലൂര്‍ പഞ്ചായത്ത് വടക്കേകോട്ടോലല്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി റിയാസും കുടുംബവുമാണ് പട്ടിണി കനത്തതോടെ മക്കളുടെ ടി.സി വാങ്ങി പഠനം അവസാനിപ്പിച്ചത്. കുട്ടികളുടെ ടി.സി വാങ്ങിയതറിഞ്ഞ് പി.ടി.എ നടത്തിയ അന്വേഷണത്തില്‍ കരളലിയിക്കുന്ന കാഴചയാണ് കണ്ടത്.
റിയാസ് ഭാര്യ വടക്കേകോട്ടോല്‍ സ്വദേശിനി കൂളിക്കാട്ട് ഫാത്തിമയുടെ വീട്ടിലാണ് മക്കളുമൊത്ത് താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് റിയാസിനുണ്ടായ ഒരു അപകടത്തോടെയാണ് കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്. അപകടത്തില്‍ നട്ടെല്ലിനും ഞരമ്പുകള്‍ക്കും സാരമായി പരുക്കേറ്റതോടെ ജോലിക്ക് പോകാനാകാതെ കിടപ്പിലായി. റേഷന്‍ കാര്‍ഡ് പോലുമില്ലെന്നതിനാല്‍ യാതൊരു സഹായവും ലഭ്യമായില്ല.
ഓണത്തിന് മക്കള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ചതും റംസാനില്‍ ലഭിച്ച ഫിതറ് സക്കാത്ത് അരിയും കൊണ്ടാണ് രണ്ട്് മക്കളടങ്ങുന്ന കുടംബം വിശപ്പ് മാറ്റിയിരുന്നത്. ഇതും അവസാനിച്ചതോടെ മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും വഴിയില്ലെന്ന് കണ്ടാണ് തല്‍ക്കാലം പഠനം അവസാനിപ്പിച്ചത്. ഉള്ള അരികൊണ്ട് ആഴ്ചകളായി കഞ്ഞി മാത്രമാണ് വേവിച്ചിരുന്നത്. കലത്തില്‍ ബാക്കിയുള്ള ഒന്നരകിലോ അരിയും തീരുന്നതോടെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലായിരുന്നു കുടുംബമെന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു.പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സഹായം ഉറപ്പ് നല്‍കുകയും അടിയന്തര സഹായമെത്തിക്കുകയും ചെയ്തു. എങ്കിലും ചികിത്സയും കുടുംബ ചിലവുമുള്‍പടേയുള്ള മുന്നോട്ടുള്ള ജീവിതം ഇപ്പോഴും ഈ കുടുംബത്തിന് മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ തങ്ങളുടെ ദുരിതം മറ്റുള്ളവര്‍ക്ക് മുന്നില്‍ വിവരിക്കാനുള്ള മാനസിക നിലയിലായിരുന്നില്ല ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."