നേതാജി മരിച്ചത് വിമാനാപകടത്തില്‍ തന്നെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തില്‍ തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമത്തിലൂടെയുള്ള ചോദ്യത്തിനാണ് നേതാജിയുടെ മരണം വിമാനാപകടത്തില്‍തന്നെയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ മറുപടി നല്‍കിയത്.
നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്ന് പ്രത്യേക കമ്മിഷനുകളുടെയും റിപ്പോര്‍ട്ടില്‍ 1945 ഓഗസ്റ്റ് 18ലെ വിമാനാപകടത്തിലാണ് അദ്ദേഹം മരിച്ചതെന്ന് അനുമാനിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഉത്തര്‍പ്രദേശില്‍ ഗുംനാമി ബാബ, ബഗവന്‍ജി എന്നീ പേരുകളില്‍ 1985 വരെ ജീവിച്ചത് സുഭാഷ് ചന്ദ്ര ബോസ് തന്നെയാണോ എന്ന് വിവരാവകാശ നിയമ പ്രകാരം സായക് സെന്‍ എന്നയാളാണ് സര്‍ക്കാരിനോട് ചോദിച്ചത്.
ഗുംനാമി ബാബ എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ചയാളെ സംബന്ധിച്ച് നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയ മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നും എന്നാല്‍ ഇയാള്‍ സുഭാഷ് ചന്ദ്രബോസല്ല എന്നും ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്.
അതേസമയം നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങിയിട്ടില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം അറിയിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് തികച്ചും നിരുത്തരവാദപരമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
നേതാജി മരിച്ചത് വിമാനപകടത്തിലല്ല സോവിയറ്റ് തടവറിയില്‍ വച്ചാണെന്നുള്ള ചില രേഖകള്‍ പുറത്ത് വന്നിരുന്നു. സൈബീരിയയിലെ യാകുത്സുക് ജയിലിലാണ് സുഭാഷ് ചന്ദ്ര ബോസ് മരിച്ചതെന്നായിരുന്നു രേഖയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."