യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി; ഏഴ് മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരുക്കേറ്റു. ബംഗാളിലെ മാള്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്കാ എക്‌സ്പ്രസാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഇന്നലെ രാവിലെ 6.05ന് പാളം തെറ്റിയത്. ട്രെയിനിന്റെ ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയതെന്ന് ഉത്തര റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സതീഷ് കുമാര്‍ പറഞ്ഞു.
അപകടവിവരമറിഞ്ഞ് ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളില്‍ നിന്ന് ദേശീയ ദുരന്ത പ്രതികരണ വിഭാഗം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവ സ്ഥലത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ചിരുന്നു. പരുക്കേറ്റവരില്‍ 10 പേര്‍ സ്ത്രീകളും ആറുപേര്‍ കുട്ടികളുമാണ്.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിട്ടു. ഉത്തര മേഖല റെയില്‍വേ സുരക്ഷാ കമ്മിഷനറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം ഏറെനേരം തടസപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."