തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്ത് മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടിവെള്ളം മലിനമായതാണോയെന്ന് പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഉത്തരവിട്ടിട്ടുണ്ട്. പൈപ്പ് വെള്ളം കുടിക്കരുതെന്ന് പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മലൈമേട്, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുതലമ്മൻ കോവിൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരെ ക്രോംപേട്ട് ഗവ. ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അസുഖബാധിതരായവരെ ആരോഗ്യമന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിച്ചു. മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. മന്ത്രി ടി.എം.അൻബരശൻ ദുരിതബാധിത പ്രദേശം സന്ദർശിക്കുകയും അടിയന്തര മെഡിക്കൽ ക്യാമ്പ് തുടങ്ങാൻ ഉത്തരവിടുകയും ചെയ്തു.
കഴിച്ച ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായോ എന്ന കാര്യത്തിലും പരിശോധനകൾ തുടരുകയാണ്. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടെന്നും ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കുടിവെള്ളം മലിനമാകാതെ കൃത്യമായി വിതരണം ചെയ്യുന്നുണ്ടോ എന്ന് അധികാരികൾ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."