മനുഷ്യക്കടത്ത് കേസുകള്‍ തടയാന്‍ സഊദിയില്‍ ശകതമായ നിയമം
ജിദ്ദ: സഊദിയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് കേസുകള്‍ തടയാന്‍ ശക്തമായ നിയമങ്ങളും ചട്ടങ്ങളുമായി സഊദി. മനുഷ്യക്കടത്തിന് തടയിടാന്‍ ദേശീയതലത്തില്‍ തന്നെ സമഗ്രമായ പദ്ധതികള്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിക്കും മനുഷ്യക്കടത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമസംവിധാനങ്ങളാണ് സഊദിയിലേത്. കുറ്റവാളികള്‍ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കുകയും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഇരകളാകുന്നവര്‍ക്ക് ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ചികിത്സ ലഭ്യമാക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
സഊദി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനില്‍ ആഭ്യന്തര, വിദേശകാര്യ, നീതിന്യായ, തൊഴില്‍ സാമൂഹിക വികസന, മീഡിയ എന്നീ മന്ത്രാലയങ്ങളിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും രണ്ട് വീതം പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി തന്നെ മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
നിര്‍ബന്ധിതാവസ്ഥയില്‍ സഊദിയിലെത്തിയെന്ന് സ്ഥിരീകരിക്കപ്പെടുന്ന കേസുകളില്‍ ഇരകളെ യാതൊരുവിധേനയും ബുദ്ധിമുട്ടിക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാന്‍ ഈ സമിതി ഊന്നല്‍ നല്‍കിവരുന്നു. വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് മനുഷ്യക്കടത്തിന്റെ ഇരകളെ കുറിച്ച് പഠിക്കുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്വന്തം നാടുകളിലേക്കോ അല്ലെങ്കില്‍ താല്‍പര്യപ്പെടുന്നപക്ഷം നേരത്തെ താമസിച്ചിരുന്ന നാടുകളിലേക്കോ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.
മനുഷ്യക്കടത്ത് കേസുകള്‍ മാത്രം അന്വേഷിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനിലും അനുബന്ധ വകുപ്പുകളിലും 107 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് രൂപം നല്‍കിയതായി കമ്മീഷന്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായെന്നോണം രാജ്യത്തെ മുഴുവന്‍ തൊഴിലുടമകളോടും വേതന സുരക്ഷാപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള വേതനം കൃത്യമായി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടോയെന്നും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നിരീക്ഷിച്ചുവരുന്നു. ഏഴ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കായി ഇതിനകം ലേബര്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുന്ന പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു ഗാര്‍ഹിക തൊഴിലാളി സഊദിയിലേക്ക് എത്തുന്നത് മുതല്‍ തിരിച്ച് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് വരെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന മുസാനിദ് പോര്‍ട്ടല്‍ മനുഷ്യാവകാശസംരക്ഷണത്തിന് സഊദി അറേബ്യ നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."