ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍നിന്നു ദ്വിതലത്തിലേക്ക് മാറ്റാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക. കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടാതെ 2018ലെ കേന്ദ്ര ചരക്കു സേവന നികുതി(ഭേദഗതി) നിയമത്തിന് അനുസൃതമായി തയാറാക്കിയ കേരള സംസ്ഥാന ചരക്ക് സേവന നികുതി(ഭേദഗതി) ബില്ലിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു.
ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
സംസ്ഥാനത്തെ റോഡ് ശൃംഖലകളിലൂടെ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യം ഒരുക്കുന്ന കമ്പനികള്‍ക്കും ഉപയോഗാനുമതി(റൈറ്റ് ഓഫ് വേ) നല്‍കുന്നതിന് കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഒറ്റത്തവണയായി ഈടാക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇപ്പോള്‍ കിലോമീറ്ററിന് 75,000 രൂപ നിരക്കിലാണ് ഐ.ടി മിഷന്‍ ഒറ്റത്തവണയായി തുക ഈടാക്കുന്നത്. നിലവില്‍ റോഡിന്റെ ചുമതലയുള്ള വകുപ്പിനാണ് തുക കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."