ചാംപ്യന്‍സ് ബോട്ട് ലീഗ്: ലേലം മാറ്റിവച്ചുവെങ്കിലും മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കും
കൊച്ചി: കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്കാനുമായി പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) ലേലം മാറ്റിവച്ചു. എന്നാല്‍ ലീഗടിസ്ഥാനത്തിലുള്ള ചുണ്ടന്‍വള്ളംകളി മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഓഗസ്റ്റ് 10നുതന്നെ ആരംഭിക്കും. പുതിയ ലേലം പിന്നീടു നടത്തും. അതുവരെ ടീമുകളുടെ ഉടമസ്ഥാവകാശം ലീഗിന്റെ സംഘാടകരായ സംസ്ഥാന ടൂറിസം വകുപ്പിനു തന്നെയായിരിക്കും. എല്ലാ മത്സരങ്ങളും കര്‍ശനമായി ഐ.പി.എല്‍ മത്സരഘടന പ്രകാരം നടത്തുമെന്നും സി.ബി.എലിനോട് ബോട്ട് ക്ലബുകളുടെയും ബോട്ട് ഉടമകളുടെയും പ്രതികരണം ആവേശം പകരുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. കൊച്ചിയിലാണ് സി.ബി.എല്ലിലെ ഒന്‍പതു ടീമുകളുടെ ലേലം നിശ്ചയിച്ചിരുന്നത്. ലേലത്തിനുള്ള രേഖകള്‍ വാങ്ങിയ 11 ഫ്രാഞ്ചൈസികളില്‍ മിക്കവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ടാണ് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനായി ലേലം മാറ്റിവച്ചതെന്ന് റാണി ജോര്‍ജ് പറഞ്ഞു. അടുത്ത ലേലത്തില്‍ സി.ബി.എല്ലിന്റെ സാമ്പത്തിക മാതൃക പുനരാവിഷ്കരിച്ച് ഫ്രാഞ്ചൈസികള്‍ക്ക് സമര്‍പ്പിക്കുമെന്ന് കേരള ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."