മലാപ്പറമ്പ് സ്‌കൂളില്‍ പരന്നു, പ്രതീക്ഷയുടെ പൊന്‍വെട്ടം
കോഴിക്കോട്: രണ്ടു വര്‍ഷം നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ മലാപ്പറമ്പ് സ്‌കൂളിന് ഇനി പ്രതീക്ഷയുടെ നാളുകള്‍. അടച്ചുപൂട്ടാനൊരുങ്ങിയ മാനേജ്‌മെന്റിനെ മുട്ടുകുത്തിച്ചാണ് നാട്ടുകാര്‍ സ്‌കൂളില്‍ വിദ്യയുടെ വെളിച്ചം അണയാതെ കാത്തത്.
സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ 85 വിദ്യാര്‍ഥികളാണ് സ്‌കൂളിലെത്തിയത്. എല്‍.കെ.ജിയില്‍ 15 കുട്ടികള്‍ ഇത്തവണ പ്രവേശനത്തിനെത്തി. കഴിഞ്ഞ വര്‍ഷം മൂന്നു വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിരുന്നത്. ഒന്നാം ക്ലാസിലേക്ക് കഴിഞ്ഞ വര്‍ഷം എട്ടു വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ ഈ വര്‍ഷം അത് പത്തിലെത്തി. ടീച്ചര്‍മാരും പി.ടി.എ അംഗങ്ങളും മധുരപലഹാരങ്ങളുമായാണ് വിദ്യാര്‍ഥികളെ വരവേറ്റത്. ക്ലാസ് ടീച്ചര്‍ പി.എന്‍ ഷിജി നോട്ട്പുസ്തകങ്ങളും പെന്‍സിലും സ്ലേറ്റും എല്ലാവര്‍ക്കും നേരെ നീട്ടിയപ്പോള്‍ അല്‍പം പരിഭ്രമത്തോടെ ക്ലാസിലെ ബെഞ്ചില്‍ സ്ഥാനം പിടിച്ച ഒന്നാം ക്ലാസുകാരായ നാഥവിന്റെയും ദേവാനന്ദിന്റെയും വിസ്മയയുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
തങ്ങളുടെ പേര് അച്ചടിച്ച ബാഡ്ജ് ഷര്‍ട്ടിന്റെ പോക്കറ്റിനു മീതെ ടീച്ചര്‍ കുത്തിയപ്പോള്‍ റിമക്കും അനീനും ആകാശിനും അല്‍പം അഹങ്കാരമായി. പരസ്പരം സംസാരിച്ചും പരിചയപ്പെട്ടും ഉച്ചക്ക് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുരുന്നുകള്‍ വീട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."