പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറിക്കായി ചേക്കുട്ടി പാവകളെ നിര്‍മിക്കുന്നു
ആലപ്പുഴ: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി പുനസ്ഥാപിക്കാനുള്ള ചേക്കുട്ടി പാവകളുടെ നിര്‍മാണം ആലപ്പുഴയിലും. ആലപ്പുഴ നീര്‍ക്കുന്നം എസ്.ഡി.വി ഗവ യു.പി.എസിലെ നൂറോളം വരുന്ന വിദ്യാര്‍ഥികളാണ് ചേക്കുട്ടി പാവകളുടെ നിര്‍മാണം ഏറ്റെടുത്തത്.
വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനവും സ്‌കൂളില്‍ നടന്നു. ചേറിനെ അതിജീവിച്ച കുട്ടി എന്നര്‍ഥമുള്ള ചേക്കുട്ടിപ്പാവകളുടെ നിര്‍മാണത്തിലൂടേയും വില്‍പ്പനയിലൂടെയും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയത്തില്‍ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനസ്ഥാപനത്തിനാണ് ഉപയോഗിക്കുന്നത്.
നെയ്ത്തുഗ്രാമത്തിന് കൈത്താങ്ങാകാനാണ് ഈ ദൗത്യത്തില്‍ നീര്‍ക്കുന്നം ഗവ.സ്‌കൂളും പങ്കാളിയായത്. ഓണക്കാലത്ത് വില്‍പ്പനയ്്ക്ക് തയ്യാറാക്കിവച്ചിരുന്ന ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളും തുണികളും ഇഴകളും വെള്ളപ്പൊക്കത്തില്‍ ചേറ് കയറി നശിച്ചുപോയിരുന്നു. ഈ തുണികള്‍ ഉണക്കി വൃത്തിയാക്കിയാണ് ചേക്കുട്ടി പാവകള്‍ നിര്‍മിക്കുന്നത്. ഒരു കൈത്തറി സാരിയില്‍ നിന്ന് 350 ഓളം ചേക്കുട്ടി പാവകള്‍ നിര്‍മിക്കാനാകും.
25 രൂപാ നിരക്കിലാണ് ചേക്കുട്ടി പാവകള്‍ വില്‍ക്കുന്നത്. ഒരു മുണ്ടില്‍ നിന്ന് 200 ഓളം ചേക്കുട്ടി പാവകള്‍ നിര്‍മിക്കാനാകുമെന്നതും നേട്ടമാണെന്ന് ആര്‍.പി.എഫ് അസി.കമ്മീഷണര്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു. നീര്‍ക്കുന്നം സ്‌കൂളില്‍ നിന്ന് 700 ഓളം പാവകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതും വില്‍പ്പനയ്ക്കായി നല്‍കും. ചേക്കുട്ടി പാവനിര്‍മാണത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് പരിശീലനം കാണാനെത്തിയ ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
സ് കൂള്‍ പ്രിന്‍സിപ്പല്‍ മധുകുമാര്‍ എസ്., എസ്.എം.സി ചെയര്‍മാന്‍ ഐ.ഷെഫീഖ്, മാതൃസംഗമം പ്രസിഡന്റ് എസ്.സുമ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."