മത്സ്യബന്ധന വലകള്‍ നശിക്കുന്നതായി പരാതി
പൂച്ചാക്കല്‍: ഉള്‍നാടന്‍ ജലാശയങ്ങളിലെ അറവ് മാലിന്യങ്ങള്‍ മത്സ്യബന്ധന വലകള്‍ക്ക് നാശം വരുത്തുന്നതായി പരാതി.
പ്രതിഷേധത്തെ തുടര്‍ന്ന് നിലച്ച മാലിന്യം തള്ളല്‍ അടുത്ത ദിവസങ്ങളിലാണ് വീണ്ടും കായലില്‍ കാണപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. ജലോപരിതലത്തിലൂടെ ഒഴുകിയെത്തുന്ന അവശിഷ്ടങ്ങള്‍ ഊന്നിവലകള്‍ക്കും ഒഴുക്കു വലകള്‍ക്കുമാണ് ഏറെ നാശം വരുത്തുന്നത്.
വലയില്‍ ഉടക്കുന്ന അവശിഷ്ടങ്ങള്‍ എടുത്തുകളയുക നന്നേ പ്രയാസകരാണ്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വലയുടെ ഭാഗങ്ങള്‍ പലപ്പോഴും മുറിച്ചു നീക്കേണ്ടി വരുന്നു. ആയിരങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന വല മുറിച്ചു നീക്കേണ്ടി വരുന്നതിലൂടെ ഉപകരണ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും തൊഴിലാളിക്കുണ്ടാക്കുന്നു. പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ചാണ് അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്.
പക്ഷികള്‍ ചാക്ക് കൊത്തി കീറുന്നതോടെയാണ് ഇവ കായല്‍ പരപ്പില്‍ വ്യാപിക്കുന്നത്. അതേ സമയം ഇറച്ചി കോഴി വ്യവസായികള്‍ അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ജലമലിനീകരണത്തിനൊപ്പംമത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും കണക്കിലെടുത്തായിരുന്നു ഈ നടപടി.
ചില വിഷയങ്ങള്‍ മൂലം അടുത്ത ചില ദിവസങ്ങില്‍ നിലച്ചിരുന്ന ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമതയോടെ കഴിഞ്ഞ ദിവസം മുതല്‍ പുനരാരംഭിച്ചതായും ഈ മേഖലയിലെ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."