ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവം കൈയാങ്കളിയില്‍
തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ മാനേജ്‌മെന്റും പി.ടി.എ യും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പ്രവേശനോത്സവ ദിനത്തില്‍ കൈയാങ്കളിയുടെ വക്കിലെത്തി. പ്രശ്‌നപരിഹാരത്തിന് സ്‌കൂളിലെത്തിയ തൊടുപുഴ തഹസില്‍ദാര്‍ സി. ആര്‍. സോമനാഥന്‍നായരെ തടഞ്ഞു വയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ പൊലിസും സ്ഥലത്തെത്തി. പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം അവസാനിച്ചത്.
മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ കാപ്പനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ ഇതിനെതിരേ രംഗത്ത് വന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം അവര്‍ സമരവും പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍ മാത്രമാണ് ഇന്നലെ ആരംഭിച്ചത്. എന്നാല്‍, രാവിലെ സ്‌കൂളില്‍ ചേര്‍ന്ന പിടിഎ യോഗത്തിലേയ്ക്ക് വിദ്യാര്‍ഥികളുമായി മറ്റ് രക്ഷാകര്‍ത്താക്കളുമെത്തി. പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ ക്ലാസ് തുടങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു പിടിഎയുടെ നിലപാട്.
സംഘര്‍ഷം അറിഞ്ഞാണ് തഹസില്‍ദാര്‍ സ്ഥലത്തെത്തിയത്. രക്ഷകര്‍ത്താക്കള്‍ അദ്ദേഹത്തെ വിഷയം ധരിപ്പിച്ചു. തുടര്‍ന്ന് ഓഫിസ് മുറിയില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടോജന്‍ വി സിറിയക്, വൈസ് പ്രിന്‍സിപ്പല്‍ പ്രീത, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുമായി തഹസില്‍ദാര്‍ ചര്‍ച്ച നടത്തി. മാനേജുമെന്റിന്റെ മറ്റു പ്രതിനിധികളാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇതിനിടെ ചില വിദ്യാര്‍ഥിനികള്‍ വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ ബലപ്രയോഗത്തിലൂടെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്ന് തഹസില്‍ദാരോട് പരാതി പറഞ്ഞു. മാനേജുമെന്റ് തെറ്റിധരിപ്പിച്ച് തങ്ങളുടെ ഒപ്പു വാങ്ങിയെന്ന് അധ്യാപകരും പരാതി പറഞ്ഞു. ഇതു കേട്ടതോടെ രക്ഷിതാക്കള്‍ മുറിയിലേയ്ക്ക് ഇരച്ചുകയറി വൈസ് പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബഹളം തുടരുന്നതിനിടെ അഞ്ചിന് സ്‌കൂള്‍ തുറക്കാമെന്ന് തഹസില്‍ദാര്‍ എല്ലാവരെയും അറിയിച്ചെങ്കിലും രക്ഷിതാക്കള്‍ അംഗീകരിച്ചില്ല. അവര്‍ തഹസില്‍ദാരെ തടഞ്ഞുവെച്ചു. വാക്കേറ്റം രൂക്ഷമാകുന്നതിനിടെ പുതുതായി മാനേജുമെന്റ് നിയമിച്ച അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ രാജി പ്രഖ്യാപിച്ച് പുറത്തേയ്ക്ക് പോയി.
പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ ഓഫിസ് മുറിയില്‍ നിന്ന് തഹസില്‍ദാര്‍, മാനേജര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. ഉച്ചയോടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്ന പദവി ഉപയോഗിച്ച് പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തഹസില്‍ദാര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മാനേജര്‍ രേഖമൂലം എഴുതി നല്‍കി. ഇതോടെ സംഘര്‍ഷം അവസാനിച്ചു. സ്‌കൂളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജൂണ്‍ 15ന് മുന്‍പായി ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."