വര്‍ണാഭമായി പ്രവേശനോത്സവം
തൊടുപുഴ: അറിവിന്റെ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് വര്‍ണാഭമായ തുടക്കം. താളമേളങ്ങളുടെ അകമ്പടിയോടെ പുതിയ കൂട്ടുകാരെയും അതിഥികളെയും വരവേറ്റ് തോരണങ്ങളാലും വര്‍ണ അക്ഷരങ്ങളാലും അലങ്കരിച്ച അമരാവതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായിരുന്നു. സ്‌കൂളിലെ കലാ അധ്യാപകന്‍ ഹരിലാല്‍ രചനയും സംഗീതവും നിര്‍വഹിച്ച 'ഒത്തുപഠിക്കാന്‍ ചങ്ങാതി മണിമുത്തുകളാല്‍ ചങ്ങാതി' എന്ന ഗാനത്തിന് അനുബന്ധമായി ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകളുമായാണ് പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായത്. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും സംസ്ഥാനതലത്തില്‍ തയാറാക്കിയ ഗാനവും ചടങ്ങില്‍ ആലപിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം, പുസ്തകങ്ങള്‍ എന്നിവയുടെ വിതരണവും ഉണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജേക്കബ്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോ, വാര്‍ഡ് മെമ്പര്‍ മനു വാസുദേവന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ ആശംസകള്‍ നേര്‍ന്നു.ആദിവാസിവിഭാഗത്തില്‍പ്പെട്ട കുട്ടികളേറെ പഠിക്കുന്ന പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം നാടിന്റെ ആഘോഷമായി മാറി.
ഗ്രീന്‍ പ്രോട്ടോക്കള്‍ പാലിച്ച് അണിയിച്ചൊരുക്കിയ സ്‌കൂളിന്റെ പ്രവേശന കവാടങ്ങളില്‍ നവാഗതര്‍ക്ക് ചേമ്പിലയില്‍ സ്വാഗതമോതി. സ്‌കൂളില്‍ നാളിതു വരെ നടന്ന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും ഒരുക്കി. മേത്തൊട്ടി, കൂവക്കണ്ടം എന്നിവിടങ്ങളില്‍ നിന്നായി വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളുമടങ്ങുന്ന രണ്ട് റാലികളോടെയാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. 33 കുട്ടികളാണ് ഇവിടെ ഒന്നാംക്ലാസില്‍ ചേര്‍ന്നത്. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ബാഗ് വിതരണവും പാഠപുസ്തകവിതരണവും സ്‌കൂളില്‍ നടപ്പാക്കിയ പുസ്തകബാങ്കിലൂടെ ലഭിച്ച പാഠപുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വിതരണവും ഇതോടൊപ്പം നടന്നു.
മണ്‍ചിരാതുകളില്‍ വിജഞാനദീപം തെളിച്ചാണ് പെരുമ്പിളിച്ചിറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും അധ്യയനവര്‍ഷത്തെ എതിരേറ്റത്. അധ്യാപകര്‍ക്ക് വെറ്റലയും അടയ്ക്കയും ഗുരുദക്ഷിണയായി സമര്‍പിച്ച് പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങി നവാഗതര്‍ ക്ലാസ് മുറികളിലെത്തി.
ഇളംദേശം ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കരിമണ്ണൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍ നിര്‍വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കുഴിക്കാട്ട് അധ്യക്ഷനായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരവും പായസവും വിതരണം ചെയ്തു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."