ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടുത്തരുത്; കാലിക്കറ്റില്‍ എം.എല്‍.എയുടെ പ്രതിഷേധം
തേഞ്ഞിപ്പലം: മലബാറിന്റെ ഫുട്‌ബോള്‍ സാധ്യതകള്‍ക്ക് ചിറക്‌വിരിക്കുന്നതിന് വേണ്ടി കാലിക്കറ്റ് സര്‍വകലാശാലയില്‍ സായ് ലക്ഷ്യമിട്ടിരുന്ന ഫുട്‌ബോള്‍ അക്കാദമി റിസര്‍ച്ച് സെന്ററാക്കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് നടപടിക്കെതിരേ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.
എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉന്നയിക്കുന്ന തടസവാദങ്ങള്‍ ഒരു നാടിന്റെ മുന്നേറ്റത്തെയാണ് ഇല്ലാതാക്കുന്നത്. റിസര്‍ച്ച് മതിയെന്ന സിന്‍ഡിക്കേറ്റ് വാദം വലിയ പദ്ധതിയെ അട്ടിമറിക്കാനേ സഹായിക്കൂവെന്നും ഫുട്‌ബോള്‍ റിസര്‍ച്ചിനേക്കാളും പ്രാധാന്യം അക്കാദമിക്കാണെന്നും രാഘവന്‍ പറഞ്ഞു.
ഫുട്‌ബോളിന്റെ പെരുമയുള്ള മലബാറിനും പ്രത്യേകിച്ച് മലപ്പുറത്തിന് സ്വന്തമായി ഒരു രാജ്യാന്തര കളിക്കളമില്ല. ഈ ആവശ്യം മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ സ്‌പോട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയില്‍നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ ആവശ്യമായത് ചെയ്യും. പാര്‍ലമെന്റിനകത്ത് ഇതിന് വേണ്ടി എല്ലാ നടപടികളും കൈകൊള്ളുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. സായ് ഫുട്‌ബോള്‍ അക്കാദമി ഇല്ലാതാക്കാനുള്ള സിന്‍ഡിക്കേറ്റ് നീക്കം ജില്ലയിലെ വളര്‍ന്നുവരുന്ന താരങ്ങളോടുളള വെല്ലുവിളിയാണെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. അന്തര്‍ദേശീയ നിലവാരമുള്ള കോച്ചിന്റെ കീഴില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണ് മലപ്പുറത്തുകാര്‍. എന്നിട്ടും ഫുട്‌ബോളില്‍ വന്‍ മുന്നേറ്റമാണ് മലപ്പുറം കാഴ്ചവയ്ക്കുന്നത്. അക്കാദമി കൂടി വരുന്നതോടെ ഫുട്‌ബോള്‍ ഭൂപടത്തില്‍ വലിയ സ്ഥാനം നേടാന്‍ സഹായകമാവും. അക്കാദമിക്ക് പകരം റിസര്‍ച്ച് സെന്ററാക്കാമെന്ന സിന്‍ഡിക്കേറ്റ് തീരുമാനം അറിഞ്ഞത് മുതല്‍ താരങ്ങളും കോച്ചുമാരും തന്നെ വിളിച്ച് മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലക്ക് ഇടപെടാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
തെറ്റായ നടപടിയില്‍നിന്ന് സര്‍വകലാശാലാ അധികാരികള്‍ പിന്മാറണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബക്കര്‍ ചെര്‍ണൂര്‍, എ.കെ അബ്ദുറഹ്മാന്‍, ജേക്കബ് മാസ്റ്റര്‍, എം.എ ഖാദര്‍, കെ. കലാം മാസ്റ്റര്‍, സറീന ഹസീബ്, റിയാസ് മുക്കോളി, കെ.പി അബ്ദുല്‍ മജീദ്, അഷ്‌റഫ് മടാന്‍, ഡോ. വി.പി അബ്ദുല്‍ ഹമീദ്, പി.കെ.സി അബ്ദുറഹ്മാന്‍, കെ.പി മുസ്തഫ തങ്ങള്‍, കെ. മുഹമ്മദ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."