ഗള്‍ഫ് പ്രതിസന്ധി: ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് നഴ്‌സുമാര്‍
അഷറഫ് ചേരാപുരം
കോഴിക്കോട്: ഗള്‍ഫ് പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ മേഖലയുമെല്ലാം ഗുരുതരമായി ബാധിച്ചു തുടങ്ങി.
കേരളത്തില്‍നിന്നു വിവിധ അറബ് രാജ്യങ്ങളിലേക്ക് നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ജോലി നഷ്ട്ടമായത്.
സഊദി, ദുബൈ, ഒമാന്‍, യമന്‍, ഖത്തര്‍ തുടങ്ങി വിവിധ ഗള്‍ഫ് നാടുകളിലെ ആശുപത്രികളിലും മറ്റും ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ നാട്ടിലേക്കു തിരിക്കുകയാണ്.
സഊദി അറേബ്യയില്‍ നിതാഖാത്ത് നടപ്പിലാക്കിയതോടെ 60 ശതമാനം വിദേശ നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായത്. ഒമാനില്‍ 62 ശതമാനം വിദേശ നഴ്‌സുമാരെ വെട്ടിക്കുറച്ചപ്പോള്‍ 2700 ലേറെ നഴ്‌സുമാര്‍ക്കാണ് ജോലി ഇല്ലാതായത്.
ദുബൈയില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. യമനില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധവും കാരണം അവിടുത്തെ ജോലി പരിതാപകരമായി തുടരുകയാണ്.
ഇവിടങ്ങളിലെല്ലാം ജോലി നഷ്ടപ്പെടുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇങ്ങിനെ തിരിച്ചെത്തുന്നവര്‍ക്ക് മാന്യമായ ശമ്പളത്തിലുള്ള ജോലി ഇവിടെ ലഭിക്കുകയെന്നതും പ്രയാസകരമാണ്.
ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറ്റ് അനിശ്ചിതത്വങ്ങളും കാരണം ഗള്‍ഫില്‍ താമസിച്ചിരുന്ന പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുകയാണ്.എണ്ണ വില താഴേക്ക് കുതിക്കുന്നതിനൊപ്പം ഖത്തറിനെതിരേ ചില അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കിയതോടെ കുടുംബത്തോടൊപ്പം നല്ല നിലയില്‍ ജീവിച്ചിരുന്ന നിരവധി മലയാളികള്‍ക്കു തൊഴില്‍ നഷ്ടമായിട്ടുണ്ട്. പല തൊഴില്‍ മേഖലകളിലും റിക്രൂട്‌മെന്റ് പൂര്‍ണമായും നിര്‍ത്തിവച്ച നിലയിലാണ്.
ഗള്‍ഫിലെ ഭാരിച്ച ജീവിത ചെലവുകള്‍ താങ്ങാനാവാതെ രാജ്യം വിടാന്‍ ഒരുങ്ങിയ പല കുടുംബങ്ങളും സ്‌കൂള്‍ അവധിക്കാലത്തിനായി കാത്തിരിക്കുകയായിരുന്നു.
ജൂലൈയില്‍ സ്‌കൂള്‍ പൂട്ടിയതോടെ നാട്ടിലേക്ക് മടങ്ങിയ പല കുടുംബങ്ങളും ഇനി തിരിച്ചു പോകില്ലെന്നാണ് അറിയുന്നത്. ഇവിടുത്തെ സ്‌കൂളുകളില്‍ നേരത്തെ തന്നെ അഡ്മിഷന്‍ ശരിപ്പെടുത്തിയാണ് പലരും നാട്ടിലെത്തിയത്.
ഗള്‍ഫില്‍ തിരിച്ചെത്തിയ ശേഷം ബാച്ചിലര്‍ മുറികളില്‍ ഒതുങ്ങി കൂടാനാണ് മിക്ക പ്രവാസികളും പദ്ധതിയിടുന്നത്.
പ്രവാസി കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് വിവിധ ഗള്‍ഫ് നാടുകളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ കാരണമായിട്ടുണ്ട്. പലയിടങ്ങളിലും താമസക്കാരെ കിട്ടാത്ത അവസ്ഥയാണ്.
പ്രവാസികളുടെ ഒഴിഞ്ഞുപോക്ക് സംസ്ഥാനത്തെ സാമ്പത്തിക മേഖലയെയും ബാധിച്ചു തുടങ്ങി. വ്യാപാര മേഖലയില്‍ കനത്ത ആഘാതങ്ങളാണ് ഇത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."