HOME
DETAILS
MAL
കെ.എം.ബി; മരണത്തിലും മായാത്ത പുഞ്ചിരി
backup
August 03 2019 | 20:08 PM
തിരുവനന്തപുരം: ആരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിക്കുന്ന മുഖം, അതായിരുന്നു കെ.എം ബഷീറിന്റെ പ്രത്യേകത. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ കാറോടിച്ചുകയറ്റി കൊലപ്പെടുത്തിയ കെ.എം ബഷീറിന്റെ ചേതനയറ്റ മുഖത്തുനിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കെ.എം.ബി എന്നാണ് സ്‌നേഹത്തോടെ വിളിച്ചിരുന്നത്. കഴിവും സാമൂഹ്യപ്രതിബദ്ധതയും ചേര്‍ന്ന പത്രപ്രവര്‍ത്തകനെന്നപോലെ സഹജീവികളോട് അലിവും പരിഗണനയും ആവോളമുള്ള മനുഷ്യനുമായിരുന്നു ബഷീര്‍.
2004ല്‍ മലപ്പുറം തിരൂരില്‍ സിറാജിന്റെ പ്രാദേശിക ലേഖകനായാണ് ബഷീര്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ തലസ്ഥാന ബ്യൂറോയിലെ റിപ്പോര്‍ട്ടറാക്കി. അങ്ങനെയാണ് 2006ല്‍ ബഷീര്‍ തിരുവനന്തപുരത്ത് എത്തുന്നത്. രാഷ്ട്രീയ വാര്‍ത്തകളും അതീവ ഗൗരവമുള്ള വിവാദ വിഷയങ്ങളും ഏറ്റവുമെളുപ്പത്തില്‍ ബഷീറിന് വഴങ്ങി. ഇതിനുള്ള അംഗീകാരമായിരുന്നു തിരുവനന്തപുരം ബ്യൂറോയിലെത്തിയ മൂന്നാംവര്‍ഷം തന്നെ ബ്യൂറോയുടെ ചുമതലക്കാരനിലേക്കുള്ള മാറ്റം. ബ്യൂറോ ചീഫ് എന്ന പ്രധാന സ്ഥാനം വഹിക്കുമ്പോഴും താന്‍ കാത്തുസൂക്ഷിച്ച ലാളിത്യം നഷ്ടപ്പെടുത്താന്‍ ബഷീര്‍ തയാറായില്ല. ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബഷീറിനെ പ്രിയങ്കരനാക്കിയതും ഈ ലാളിത്യവും മായാത്ത ചിരിയും തന്നെ.സ്വന്തം അനുഭവങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും വാര്‍ത്ത കണ്ടെത്തുന്നതില്‍ ബഷീര്‍ മിടുക്കുകാട്ടി. വാര്‍ത്തയുടെ ഉറവിടങ്ങളോട് നല്ല ബന്ധം സൂക്ഷിച്ചു. ബഷീറിന്റെ പല വാര്‍ത്തകളും ഫലംകാണുകയും സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തു.
നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മികവുകാട്ടിയ ബഷീറിന്റെ സഭാ അവലോകനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ എക്കാലത്തെയും മികച്ച നിയമസഭാ അവലോകനങ്ങള്‍ സമാഹരിച്ച് 'പ്രസ്ഗാലറി കണ്ട സഭ' എന്ന പേരില്‍ കേരള മീഡിയ അക്കാദമി ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കെ.എം ബഷീറിന്റെ റിപ്പോര്‍ട്ടിങ്ങും ഉണ്ടായിരുന്നു. 'ജി.എസ്.ടി അഥവാ അര്‍ധരാത്രിയിലെ കവര്‍ച്ച' എന്ന തലക്കെട്ടില്‍ 2017 ഓഗസ്റ്റ് ഒന്‍പതിന് സിറാജില്‍ എഴുതിയ അവലോകനമായിരുന്നു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആകാശവാണിയില്‍ നിയമസഭാ അവലോകനങ്ങള്‍ അവതരിപ്പിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തന മേഖലയിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും തൊഴിലാളി സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ബഷീര്‍ തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഭാരവാഹിയുമായിരുന്നു. ഒരുവര്‍ഷം മുന്‍പ് നാട്ടില്‍ വീട് വയ്ക്കാനായതിലെ സന്തോഷത്തിലായിരുന്നു ബഷീര്‍. ഇതിനുശേഷം ഇടയ്ക്കിടെ നാട്ടില്‍ പോകാനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ മിക്കപ്പോഴും സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."