HOME
DETAILS
MAL
കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: തെളിവുകള്‍ നശിപ്പിക്കാന്‍ പൊലിസിന്റെ തിരക്കിട്ട നീക്കം
backup
August 03 2019 | 20:08 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് വ്യക്തമായിട്ടും തെളിവുകള്‍ നശിപ്പിക്കാന്‍ പൊലിസിന്റെ തിരക്കിട്ട നീക്കം.
അപകടസ്ഥലത്ത് ദൃക്‌സാക്ഷികളായുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഷെഫീഖ്, മണിക്കുട്ടന്‍ എന്നിവരും ശാസ്തമംഗലം സ്വദേശി ജോബിയും ഇക്കാര്യം പൊലിസിനോട് വ്യക്തമാക്കിയിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ പൊലിസ് നിലപാട് മയപ്പെടുത്തി സ്ത്രീയെ വിട്ടയയ്ക്കുകയും ശ്രീറാംവെങ്കിട്ടരാമനെ പൊലിസ് വാഹനത്തില്‍ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയുമായിരുന്നു. മദ്യലഹരിയില്‍ ലക്കുകെട്ട സ്ഥിതിയിലായിരുന്നിട്ടും സ്റ്റേഷനിലെത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് പ്രാഥമിക പരിശോധന നടത്താന്‍ പോലും പൊലിസ് തയാറായില്ല. ദൃക്‌സാക്ഷി മൊഴിയുണ്ടായിട്ടും വാഹനമോടിച്ചയാളുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താനും പൊലിസ് തയാറായില്ല. വാഹനമോടിച്ചത് ആരാണെന്നതില്‍ വ്യക്തതയില്ലെന്ന മട്ടിലായിരുന്നു ആദ്യമണിക്കൂറുകളില്‍ പൊലിസിന്റെ പ്രതികരണം. രാവിലെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പൊലിസ് നിലപാട് മാറ്റിയത്.
രക്തപരിശോധനയില്‍ ഗുരുതര അലംഭാവം
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തപരിശോധന നടത്താന്‍ പൊലിസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍മാര്‍.
കേസെടുത്തതിന് തെളിവായി ക്രൈംനമ്പര്‍ നല്‍കാത്തതിനാല്‍ മെഡിക്കോ ലീഗല്‍ കേസായി പരിഗണിച്ച് ഡോക്ടര്‍ക്ക് സ്വമേധയാ രക്തം എടുക്കാനുമായില്ല. അപകടത്തില്‍ കൈക്ക് പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
രക്തസാംപിളെടുത്ത് മദ്യപിച്ചതിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാതിരുന്ന പൊലിസ് പിന്നീടുള്ള പത്തുമണിക്കൂറോളം അതിനുള്ള നടപടിയെടുത്തില്ല. തിരുവനന്തപുരം എ.സി.പി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഉള്‍പ്പടെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.
അതിനിടയില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫാ ഫിറോസിനെ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തുകയും ചെയ്തു. ഇവരാണ് വാഹനമോടിച്ചതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
സി.സി.ടി.വി പരിശോധിക്കാതെ മണിക്കൂറുകള്‍
തിരുവനന്തപുരം: നഗരത്തിലെ അതീവ സുരക്ഷാ മേഖലയില്‍പ്പെട്ട കവടിയാര്‍ മ്യൂസിയം റോഡില്‍ ഏകദേശം അന്‍പതിലേറെ സി.സി.ടി.വി കാമറകളാണ് ഉള്ളത്. എന്നാല്‍, ഇന്നലെ ഉച്ചവരെയും ഇവ പരിശോധിക്കാന്‍ പൊലിസ് തയാറായില്ല.
മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ വിവിധ കാമറാദൃശ്യങ്ങള്‍ ശേഖരിച്ച് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പൊലിസ് ഇതിനുള്ള നടപടികളിലേക്ക് കടന്നത്.
ജാഗ്രതവിടാതെ
മാധ്യമപ്രവര്‍ത്തകര്‍
തിരുവനന്തപുരം: പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അപകടവിവരം അരമണിക്കൂറിനുശേഷമാണ് മാധ്യമപ്രവര്‍ത്തകരിലേക്ക് എത്തിയത്. അപ്പോള്‍ മുതല്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ പൊലിസ് നീക്കങ്ങള്‍ക്ക് തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ മ്യൂസിയം സ്‌റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഡ്രൈവര്‍സീറ്റില്‍ ആരായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു പൊലിസ് പറഞ്ഞത്. പിന്നീട് കാമറാദൃശ്യങ്ങള്‍ പുറത്തുവിട്ടും പുലര്‍ച്ചെ മുതല്‍ ചാനലുകളില്‍ തുടര്‍ച്ചയായി ലൈവ് നല്‍കിയും മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഉന്നതാധികാരികളെ നിരന്തരം ബന്ധപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്വാഭാവിക നീതിയുടെ വഴിയിലേക്ക് പൊലിസ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."