നാടിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൃഷ്ണമാരാര്‍
കണ്ണൂര്‍: 80 വര്‍ഷത്തോളം താന്‍ പരിപാലിച്ചുപോന്ന സ്കൂള്‍ 97ാമത്തെ വയസില്‍ ജനകീയ കമ്മിറ്റിക്ക് വിട്ടുനല്‍കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മാതൃക കാട്ടിയ പറാമ്പള്ളി കൃഷ്ണമാരാര്‍ക്ക് നാടൊന്നാകെ സ്നേഹാദരങ്ങള്‍ ചൊരിഞ്ഞു. ഇത്രവലിയൊരു സദ്കര്‍മം ചെയ്ത മഹദ്വ്യക്തിയെ നേരില്‍ക്കണ്ട് നമിക്കുന്നതിനു വേണ്ടിയാണ് ശാരീരിക പ്രയാസങ്ങള്‍ മറന്ന് കോഴിക്കോട്ട് നിന്ന് പ്രവേശനോല്‍സവത്തിനായി എത്തിയതെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞപ്പോള്‍ നീണ്ടുനിന്ന കരഘോഷത്തോടെ നിറഞ്ഞ സദസ് അദ്ദേഹത്തോടുള്ള സ്നേഹവായ്പ് പ്രകടിപ്പിച്ചു. ഫുട്ബോള്‍ താരം കെ.വി ധനേഷ് ആശംസാ പ്രസംഗത്തിനിടെ കാല്‍തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തോടുള്ള ആദരവ് രേഖപ്പെടുത്തിയത്.
പൊതുവിദ്യാഭ്യാസത്തെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ അതുല്യമായ ചുവടുവയ്പ്പു നടത്തിയ മാരാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുകയാണെന്ന് ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. അദ്ദേഹം ചെയ്ത നന്മയുടെ ഓര്മ തലമുറകളോളം നിലനില്‍ക്കുന്നതിനായി കാഞ്ഞിരങ്ങാട് എ.എല്‍.പി സ്കൂളിന്റെ പേര് പറാമ്പള്ളി കൃഷ്ണമാരാര്‍ എ.എല്‍.പി സ്കൂള്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സ്കൂളില്‍ ജോലി ചെയ്തിരുന്ന കാലത്ത് കൊല്ലത്തിലൊരിക്കല് ലഭിക്കുന്ന അധ്യാപകരുടെ ശമ്പളം വാങ്ങാന്‍ കണ്ണൂര്‍ ട്രഷറിയിലേക്ക് നടന്നുപോയതുള്പ്പെടെയുള്ള തന്റെ അനുഭവങ്ങള്‍ മാരാര്‍ സദസ്സുമായി പങ്കുവച്ചു. താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിന് ഇന്ന് കൈവന്ന ഉയര്‍ച്ചയില്‍ ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സിലെ ഏഴ് പേരുള്‍പ്പെടെ ആകെ 31 കുട്ടികളുണ്ടായിരുന്ന സ്കൂളില്‍ ഇപ്പോള്‍ കുട്ടികളുടെ എണ്ണം നൂറ് കടന്നു. ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന 35 പേരും സ്കൂളില്‍ ഈ വര്‍ഷം തുടങ്ങിയ പ്രീപ്രൈമറി വിഭാഗത്തിലെ 20 പേരുമടക്കം 101 കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."