അതിര്‍ത്തിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവം
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് അധീന മേഖലകളില്‍ ഇടക്കാലത്തേക്ക് ഒഴിവാക്കിയ ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമായതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് പല ലോഞ്ച് പാഡുകളും അതിര്‍ത്തി മേഖലകളില്‍ നിന്ന് മാറ്റിയത്. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരികെയെത്തിയതിനുപിന്നാലെ ഭീകര കേന്ദ്രങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരുന്ന ഭീകരരുടെ ലോഞ്ച് പാഡുകളില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്ത് 200 മുതല്‍ 250 ഓളം ഭീകരര്‍ ലോഞ്ചിങ് പാഡുകളില്‍ തിരികെയെത്തിയെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍. കഴിഞ്ഞ ദിവസം കശ്മിര്‍ താഴ്‌വരയിലെ ഗുരസ് മേഖലയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമായിരുന്നുവെന്നാണ് വിവരം.
ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ലോഞ്ച് പാഡുകള്‍ കേന്ദ്രീകരിച്ചിരുന്ന ഭീകരര്‍ രണ്ടാഴ്ചയോളം അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങളിലേക്ക് പിന്‍മാറിയിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ വീണ്ടും ഭീകരര്‍ സജീവമായതിനാല്‍ കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
ജൂലൈ 22 നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കയില്‍ ചര്‍ച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് കശ്മിര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."