വീടിനു ചുറ്റും കോണ്‍ക്രീറ്റിടുന്നത് നിരോധിക്കാന്‍ നീക്കം
തിരുവനന്തപുരം: വീട്ടുപരിസരങ്ങളില്‍ നിന്ന് മഴവെള്ളം റോഡിലേക്കിറങ്ങി വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യത്തില്‍ വീടിനു ചുറ്റും കോണ്‍ക്രിറ്റ് ചെയ്ത് ടൈലുകള്‍ പാകുന്നത് നിരോധിക്കാന്‍ നീക്കം. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലാകും നിരോധനം നടപ്പാക്കുക. ഇതു സംബന്ധിച്ച ശുപാര്‍ശ നഗരാസൂത്രണ സ്ഥിരം സമിതി നഗരസഭാ ഭരണസമിതിക്കു സമര്‍പ്പിച്ചു.
വീടിനു ചുറ്റും ടൈലുകള്‍ പാകിയ ശേഷം മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നത് സംസ്ഥാനമൊട്ടാകെ പതിവു കാഴ്ച്ചയായിട്ടുണ്ട്. ഇതുകാരണം റോഡരികിലെ ഓടകള്‍ പെട്ടെന്ന് നിറഞ്ഞ് റോഡില്‍ വെള്ളപ്പൊക്കമുണ്ടാവുകയാണ്. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നത്.
വീടിന്റെ പരിസരത്തെ ആകെയുള്ള സ്ഥലത്തിന്റെ പകുതി ഭാഗത്തു മാത്രമേ ഇനി കോണ്‍ക്രീറ്റ്, ടൈല്‍സ് തുടങ്ങിയ സ്ഥിരം നിര്‍മിതികള്‍ അനുവദിക്കാവു എന്ന് നഗരാസൂത്രണ സ്ഥിരം സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇന്റര്‍ലോക്ക് ബ്രിക് പാകുന്നതിനു തടസമില്ല. കെട്ടിട നിര്‍മാണത്തിനിടെയുണ്ടാകുന്ന ക്രമക്കേട് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനു കെട്ടിടത്തിന്റെ അടിത്തറ (ബേസ്‌മെന്റ്) പൂര്‍ത്തിയായ ശേഷം പണി തുടരുന്നതിനു വീണ്ടും അപേക്ഷ നല്‍കുന്നതിനു നടപടി സ്വീകരിക്കും.
കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ പ്ലാനില്‍ ഇനി മഴവെള്ള സംഭരണിയും 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള കെട്ടിടമാണെങ്കില്‍ മഴക്കുഴിയും നിര്‍ബന്ധമാക്കും. ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ഇവയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ ടി.സി നമ്പര്‍ അനുവദിക്കാവൂവെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."