കാഞ്ഞങ്ങാട് നഗരത്തിലെ ഇരുനില കെട്ടിടത്തില്‍ തീപ്പിടിത്തം
കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ രണ്ടുനില കെട്ടിടത്തിനു തീപ്പിടിച്ചു. നീലേശ്വരം തൈക്കടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വകയായുള്ള പഴയ കെട്ടിടത്തിലാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തീപ്പിടിത്തമുണ്ടായത്. രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പറക്കളായി സ്വദേശി രാജന്റെ ആധാരമെഴുത്ത് കടയില്‍ നിന്നാണ് ആദ്യം തീയും പുകയുമുയര്‍ന്നത്.
മിനി സിവില്‍ സ്റ്റേഷനുനേരെ എതിര്‍വശമുള്ള പഴയ കെട്ടിടങ്ങളുടെ നിരയിലാണ് തീപ്പിടിത്തം നടന്ന കെട്ടിടവുമുള്ളത്. തക്കസമയത്ത് എത്തി അഗ്നിശമന വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റു പഴയ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് ഒഴിവായി.
കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സ് കേന്ദ്രത്തില്‍നിന്നു രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണയച്ചത്. തീയണക്കും വരെ സംസ്ഥാന പാതയില്‍നിന്നു ജനങ്ങളെയും വാഹനങ്ങളെയും മാറ്റി നിര്‍ത്തി. കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു.
ഒരു മണിക്കൂറോളം പണിപ്പെട്ടാണ് അഗ്നിശമന സേനക്ക് തീയണക്കാന്‍ കഴിഞ്ഞത്. ആധാരമെഴുത്തു കടയിലെ എല്ലാ രേഖകളും കത്തി നശിച്ചിരുന്നു . കൂടാതെ കംപ്യൂട്ടര്‍, ലാപ് ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും രണ്ട് പ്രിന്ററുകളും കത്തി. ആധാരമെഴുത്തു കടക്ക് മൂന്നുലക്ഷം രൂപക്കു മുകളില്‍ നഷ്ടം കണക്കാക്കുന്നു.
കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സിലെ സ്റ്റേറ്റഷന്‍ ഓഫിസര്‍ സി.വി രാജേഷ്, മറ്റ് ഉദ്യോഗസ്ഥന്മാരായ ഗോപാലകൃഷ്ണന്‍ മാവില, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വൈദ്യതി തകരാറാണ് തീപിടിത്തതിന് കാരണമെന്നു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവസമയത്ത് ആരും കെട്ടിടത്തിനകത്തുണ്ടാവാത്തതിനാല്‍ ആളപായമുണ്ടായില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."