കുമ്മനം തിരികെവരും?
തിരുവനന്തപുരം: മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി.ജെ.പിയില്‍ ശക്തമായി. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെയും ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഒരുവിഭാഗം നേതാക്കളുടെയും അഭിപ്രായം പരിഗണിച്ച ദേശീയ നേതൃത്വം ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മയും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നതായുള്ള ഗ്രൂപ്പുകളുടെ പരാതികളും കുമ്മനത്തിന്റെ തിരിച്ചുവരവിന് ആക്കംകൂട്ടുന്നുണ്ട്. ഇതോടെ, മുന്‍ നിലപാടില്‍ കേന്ദ്ര നേതൃത്വം മാറ്റംവരുത്തിയതായി അറിയുന്നു. നവംബര്‍ 28നു തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറമില്‍ ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. ഇതിനു ശേഷം അടുത്ത വര്‍ഷം ജനുവരിയോടെ കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചെത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
പി.എസ് ശ്രീധരന്‍പിള്ളയുടെ ഒറ്റയാള്‍ പ്രവര്‍ത്തനത്തിലും ഭാരവാഹികളെ തെരഞ്ഞെടുത്തതിലുമുള്ള അതൃപ്തി ഗ്രൂപ്പുകള്‍ നേതൃത്വത്തിനു മുന്നില്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, ശബരിമല വിഷയം പാര്‍ട്ടിക്കു ഗുണകരമാക്കി മാറ്റാമായിരുന്നിട്ടും കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്. ശ്രീധരന്‍പിള്ളയേക്കാള്‍ തീവ്ര ഹിന്ദുത്വ നിലപാടുള്ള കുമ്മനത്തിനു ഹൈന്ദവ സംഘടനകളുമായുള്ള ബന്ധവും ഈ സമയത്തു ശക്തമായ സമരം നടത്താന്‍ ഗുണകരമായേനെയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയരുന്നത്. ഇതു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കു ഗുണം ചെയ്യുമായിരുന്നെന്ന വിലയിരുത്തല്‍ സംഘ്പരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന കുമ്മനത്തിന്റെ അഭിപ്രായവും പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം നേരത്തേതന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതെല്ലാം പരിഗണിച്ചു കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള തീരുമാനം വൈകാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."