ചരിത്രസഖ്യം: സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടിക്ക് തായ്‌ലന്റ് ഓപണ്‍ ഡബിള്‍സ് കിരീടം
ബാങ്കോക്ക്: സൈനയും സിന്ധുവും ശ്രീകാന്തുമൊക്കെയാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ പ്രതീക്ഷകളെന്നു കരുതിയവര്‍ക്കു തെറ്റി. ഇവരിലൂടെ സിംഗിള്‍സുകളില്‍ കിരീടം വാരിക്കൂട്ടിയെങ്കിലും ഡബിള്‍സുകളിലെ പൂര്‍ണപരാജയമെന്ന ബാഡ്മിന്റണ്‍ പ്രേമികളുടെ മനോഭാവം തിരുത്തി ചരിത്രം സൃഷ്ടിച്ച്് പുതുജോടികള്‍.
തായ്‌ലന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ നിലവിലെ ലോക ചാംപ്യന്‍മാരെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തി സാത്വിക് സായ്‌രാജ്് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് രാജ്യത്തിന്റെ പേര് ഡബിള്‍സ് കിരീടപ്പട്ടികയില്‍ പ്രതിഷ്ഠിച്ചത്.
മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ആവേശപ്പൊലിമ കാണികള്‍ക്ക് സമ്മാനിച്ച ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ചരിത്രസൃഷ്ടിപ്പ്. സ്‌കോര്‍ 21-19, 18-21, 21-18.
പുരുഷ ഡബിള്‍സിലെ ഫൈനലില്‍ നിലവിലെ ലോക രണ്ടാം നമ്പര്‍ ജോടികളായ, പേരുകേട്ട ചൈനീസ് വമ്പന്‍മാരായ ലി ജുന്‍ ഹ്യു- ലിയു യു ചെന്നിനെയാണ് ഇന്ത്യന്‍ കൗമാരജോടി തറപറ്റിച്ചത്. ഒരു ബി.ഡബ്ല്യു.എഫ് (ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍) സൂപ്പര്‍ 500 കിരീടത്തില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യന്‍ ജോടിയെന്ന സ്വപ്നമാണ് ഇവര്‍ കൈപിടിയിലാക്കിയത്.
ഒരു മണിക്കൂറും രണ്ട് മിനിട്ടും നീണ്ട മത്സരത്തിലാണ് ഇവര്‍ കിരീടനേട്ടം കൈവരിച്ചത്. നേരത്തേ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതോടെ ഈ വര്‍ഷത്തെ ആദ്യ ഫൈനല്‍ എന്ന നേട്ടം ഇവര്‍ സ്വന്തമാക്കിയിരുന്നു.
ആ ഫൈനല്‍ പ്രവേശമാണ് കിരീടമാക്കി മാറ്റിയത്. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതാണ് ഇന്ത്യന്‍ ജോടിയുടെ ഏറ്റവും മികച്ച നേട്ടം. ഇപ്പോഴത് തിരുത്തിയിരിക്കുകയാണ്.
ചരിത്രവഴി
മുന്‍ ടൂര്‍ണമെന്റുകളില്‍ ഓരോ കടമ്പകള്‍ കഴിയുമ്പോഴും ചൈനീസ്, ജാപ്പനീസ്, ഉത്തര കൊറിയ, മലേഷ്യന്‍ ജോടികളുടെ പോരാട്ടത്തിന് മുന്നില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന സാത്വിക്-ചിരാഗ് സഖ്യം എന്നാല്‍ തായ്‌ലന്‍ഡ് ഓപണിന്റെ ഓരോ മത്സരവും കഴിയുമ്പോഴും ആത്മവിശ്വാസം നേടിയെടുക്കുകയായിരുന്നു. ഇതിന് മുന്‍പ് തങ്ങളെ തോല്‍പ്പിച്ച ജോടികളുടെ പോരാട്ടത്തെ അതിജീവിച്ച അവര്‍ റാങ്കിങില്‍ എത്രയോ മുന്നിലുള്ളവരെയും അട്ടിമറിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.
ഡബിള്‍സില്‍ ഇന്ത്യന്‍ മഹിമ സ്വപ്നം കണ്ടിറങ്ങിയ ഇവര്‍ ഫൈനലിലെ ആദ്യ ഗെയിമില്‍ 3-3 ന്റെ തുല്യതയോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് കളത്തില്‍ തകര്‍പ്പന്‍ സ്മാഷുകള്‍ വാണതോടെ ഇന്ത്യ 10-6 ന് മുന്നിലെത്തി. പക്ഷേ, അനുഭവസമ്പത്ത്് ധാരാളമുള്ള ചൈനീസ് ജോടി വീണ്ടും 14-14 ന് ഒപ്പമെത്തി. ഒപ്പത്തിനൊപ്പം ഇരു ടീമും മുന്നേറിയതോടെ 20-18 ന് ഇന്ത്യ തന്നെ മുന്നില്‍. അടുത്ത പോയിന്റ് ചൈനീസ് ടീം സ്വന്തമാക്കിയതോടെ സ്‌കോര്‍ 20-19. എന്നാല്‍ അതിവേഗതയുടെ കളിയഴക് കണ്ട അടുത്ത റാലിയില്‍ ഇന്ത്യ പോയിന്റ് സ്വന്തമാക്കിയതോടെ ആദ്യ ഗെയിം ഇന്ത്യക്ക് സ്വന്തം.
ആദ്യ ഗെയിമില്‍ 21-19 ന് വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ 18-16 ന് മുന്നിലായിരുന്നുവെങ്കിലും ചൈനീസ് താരങ്ങള്‍ തുടരെ അഞ്ച് പോയിന്റ് നേടി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിലും മേധാവിത്വം പുലര്‍ത്തി ചൈനീസ് താരങ്ങള്‍ 4-1 ന്റെ ലീഡ് നേടിയെങ്കിലും 6-6 ന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പം പിടിക്കുകയും പിന്നീട് 8-6 ന്റെ ലീഡ് നേടുകയും ചെയ്തു. മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8 ന് സായ്്‌രാജ്-ചിരാഗ് ജോടി ലീഡ് നേടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും ആത്മവിശ്വാസത്തില്‍.
ഇടവേളയ്ക്ക് ശേഷം ലീഡ് 15-11 ലേക്ക് ഉയര്‍ത്താന്‍ ഇന്ത്യക്കായി. സാത്വിക് വമ്പന്‍ സ്മാഷുകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമിലേതിന് സമാനമായി പോയിന്റുകള്‍ തുടരെ നേടി ചൈനീസ് താരങ്ങള്‍ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ലീഡ് 18-15 ലേക്ക് ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ താരങ്ങളും ചൈനീസ് താരങ്ങളും ഗെയിം പോയിന്റ് നേടാനുള്ള മത്സരച്ചൂടിലായി. ഇരു ടീമും പ്രകടന മികവില്‍ ആധികാരികത പുലര്‍ത്തിയതോടെ കിരീടത്തിലേക്ക് മുത്തമിടുന്ന ടീം ആരാണെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ത്യന്‍ ജോടി ഓരോ പോയിന്റും സ്വന്തമാക്കുമ്പോഴും ചൈനീസ് ജോടിയും ഒട്ടും പിറകിലായിരുന്നില്ല. അവര്‍ ഇന്ത്യന്‍ താരങ്ങളെ പിന്തുടര്‍ന്നു. എങ്കിലും ഇന്ത്യന്‍ കൗമാരക്കുതിപ്പിന് മുന്നില്‍ മൂന്നാം ഗെയിം 21-18 ന് ചൈനീസ് ജോടി അടിയറവ് പറഞ്ഞതോടെ ഇന്ത്യന്‍ ജോഡി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."