പാകിസ്താനിലെ 'അഫ്താറും' 'സെഹ്‌രി'യും
സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെട്ട സ്വതന്ത്ര രാജ്യമാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍. ജനസംഖ്യ 20 കോടിയിലധികം. ഇസ്‌ലാം ഔദ്യോഗിക മതമായ രാജ്യത്തെ 97 ശതമാനം ജനങ്ങളും മുസ്‌ലിംകളാണ്. ഹിന്ദു, ക്രിസ്ത്യന്‍, ബഹായി, ബുദ്ധ, സിഖ് വിശ്വാസികളാണ് രാജ്യത്തെ പ്രധാന മതന്യൂനപക്ഷങ്ങള്‍.
എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പാകിസ്താന്‍ ഭൂപ്രദേശങ്ങളിലെ ഇസ്‌ലാമിക ചലനങ്ങള്‍ ആരംഭിക്കുന്നത്. അമവി ഖലീഫ വലീദ് ഒന്നാമന്റെ ഗവര്‍ണറായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫിന്റെ നിര്‍ദേശ പ്രകാരം മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് പ്രവിശ്യ കീഴടക്കിയതോടെയായിരുന്നു ഇത്. ഗസ്‌നവികള്‍, ഗോറികള്‍, ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗളന്‍മാര്‍ എന്നിങ്ങനെ വിവിധ മുസ്‌ലിം ഭരണകൂടങ്ങളായിരുന്നു ബ്രിട്ടീഷുകാര്‍ക്കു മുന്‍പുവരെ രാജ്യം ഭരിച്ചിരുന്നത്. മേഖലയിലെ ഇസ്‌ലാം മത പ്രചാരണത്തില്‍ സൂഫി പണ്ഡിതന്മാരും നിര്‍ണായക പങ്ക് വഹിച്ചു.
ഇസ്‌ലാമിക രാജ്യമായതിനാല്‍ തന്നെ ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞതാണ് പാകിസ്താനിലെ റമദാന്‍. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ റമദാനു മുന്‍പു തന്നെ തെരുവുകളും വീടുകളും ഓഫിസുകളുമെല്ലാം അണിഞ്ഞൊരുങ്ങും. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം പുനഃക്രമീകരിച്ച സമയക്രമത്തിലാണ് നോമ്പുമാസത്തില്‍ പ്രവര്‍ത്തിക്കുക. കാലത്ത് 8.30ന് പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളുമെല്ലാം ഉച്ചതിരിഞ്ഞ് മൂന്നിനു തന്നെ പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. ഇഫ്താറിനുള്ള ഒരുക്കങ്ങളാണ് പിന്നീട് രാജ്യമെങ്ങും.
പാകിസ്താനിലെ റമദാന്‍ വിശേഷങ്ങളില്‍ പരമ പ്രധാനമാണ് 'ഇഹ്തിറാമെ റമദാന്‍ ഓര്‍ഡിനന്‍സ് '. 1981 മുതല്‍ പ്രാബല്യത്തിലുള്ള ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഈ വര്‍ഷത്തോടെ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. പുതിയ ഭേദഗതി പ്രകാരം, നോമ്പുകാലത്ത് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതുമെല്ലാം മൂന്നു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമമനുസരിച്ച്, റമദാനില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സിനിമ തിയറ്ററുകളില്‍നിന്ന് അഞ്ചു ലക്ഷം രൂപ വരെ പിഴയീടാക്കാം.
'ഇഫ്താര്‍' എന്നതിനെക്കാള്‍ 'അഫ്താര്‍' എന്ന പേരിലാണ് പാകിസ്താനിലെ നോമ്പുതുറ സംഗമങ്ങള്‍ അറിയപ്പെടുന്നത്. തദ്ദേശീയമായ തനതു വിഭവങ്ങളാല്‍ സമൃദ്ധമാണ് പാക് ഇഫ്താറുകള്‍. ഫ്രൂട്ട് ചാത്ത്, പകോറ, ധായ് ഭാലെ, സമൂസ തുടങ്ങിയ നിരവധി വിഭവങ്ങള്‍ നോമ്പുതുറ സംഗമങ്ങളെ ആസ്വാദ്യകരമാക്കുന്നു.
ഇഫ്താര്‍ സമയമാകുന്നതോടെ രാജ്യത്തെ റോഡുകളെല്ലാം ഗതാഗതക്കുരുക്കിലകപ്പെടുന്നത് നിത്യകാഴ്ചയാണ്. എന്നാല്‍, മഗ്‌രിബ് ബാങ്ക് മുഴങ്ങുന്നതോടെ റോഡുകളത്രയും ശൂന്യമായിത്തീരുന്നു. ഇഫ്താര്‍ സമയത്ത് റോഡുകളില്‍ കാണുന്ന വഴിയോര യാത്രികരെയെല്ലാം സ്വന്തം വീടുകളിലെ നോമ്പുതുറക്കു ക്ഷണിക്കുന്ന പരമ്പരാഗത പാക്ക് ആതിഥ്യമര്യാദയും പ്രസിദ്ധമാണ്. വ്രതാരംഭത്തിനു തൊട്ടുമുന്‍പുള്ള അത്താഴത്തിന് 'സെഹ്‌രി' എന്നാണു പേര്. പറാത്ത ചനായ്, ഹല്‍വപുരി, പുരിചനായ്, ജിലേബി, ലെസി തുടങ്ങിയവയാണ് പാകിസ്താനിലെ പരമ്പരാഗത സെഹ്‌രി വിഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."