ദുരന്തനിവാരണ ആക്ടില്‍ പൂട്ടിയ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പുനഃപരിശോധന
കുറ്റ്യാടി: അടിസ്ഥാന സൗകര്യമില്ലെന്നും അനധികൃതമാണെന്നും കണ്ടെത്തി ജില്ലാ കലക്ടര്‍ ദുരന്തനിവാരണ ആക്ടില്‍പെടുത്തി പൂട്ടിയ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പുനഃപരിശോധന. കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ മാസങ്ങള്‍ക്കു മുന്‍പ് കലക്ടര്‍ യു.വി ജോസിന്റെ ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്ത കെട്ടിടങ്ങളിലാണ് ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓഫിസര്‍ കെ.ടി മോഹനന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധനയ്‌ക്കെത്തിയത്. പൂട്ടപ്പെട്ട കെട്ടിടങ്ങളുടെ ഉടമകളായ മണാട്ടില്‍താഴ ഷൗക്കത്ത്, കുനിയേല്‍ അസീസ്, തുണ്ടിയില്‍ സീനത്ത് എന്നിവര്‍ കലക്ടറേറ്റില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃപരിശോധന നടത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസ്റ്റന്റ് ഓഫിസര്‍ കെ.ടി മോഹനന്‍ പറഞ്ഞു.
പ്രസ്തുത കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും രേഖകള്‍ കൃത്യമാണെന്നുമാണ് ഉടമകള്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്. സീല്‍ചെയ്യപ്പെട്ട അഞ്ചില്‍ മൂന്ന് കെട്ടിടങ്ങളില്‍ കുറ്റ്യാടി എ.എസ്.ഐയുടെ സാന്നിധ്യത്തില്‍ സീല്‍പൊട്ടിച്ചു തുറന്നു പരിശോധന നടത്തി.
ഇതിനിടെ ഒരു കെട്ടിട ഉടമ കലക്ടറുടെ ഉത്തരവ് മാനിക്കാതെ സ്വന്തം വീട്ടില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നതായും ഉത്തരവ് പ്രകാരം സീല്‍വെച്ച കുളിമുറിയും കക്കൂസ് മുറികളും ഇപ്പോഴും ഉപയോഗിക്കാന്‍ സൗകര്യത്തില്‍ പൂട്ടുകള്‍ പൊട്ടിച്ചതായും കണ്ടെത്തി.
ഇവിടെ 50തോളം പേരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതിയും ഇതേ അവസ്ഥയില്‍ വീണ്ടും തുറക്കുന്നതിനെതിരേ നാട്ടുകാരുടെ വികാരവും ഉള്‍ക്കൊള്ളിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍തന്നെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സന്ദര്‍ശനശേഷം കെ.ടി മോഹനന്‍ അറിയിച്ചു. ടെക്‌നിക്കല്‍ അസിറ്റന്റ് ഓഫിസര്‍ക്കു പുറമെ ഗ്രേഡ് രണ്ടിലെ ഉദ്യോഗസ്ഥരായ നാരായണന്‍ ചെര്‍ള, പി.കെ കുമാരന്‍ പഞ്ചായത്ത് സെക്രട്ടറി കെ. മനോജന്‍, പഞ്ചായത്ത് ജെ.എച്ച്.ഐമാരായ കെ.വി രജിഷ, നിജിത്ത്, ജനകീയ കുട്ടായ്മ ഭാരവാഹികളായ ജിജീഷ് തളീക്കര, എന്‍.എ റഹ്മാന്‍, തയ്യുള്ളതില്‍ നാസര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഘം തളീക്കരയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."