യൂനിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ട്്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി വിജിലന്‍സ് വിഭാഗത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട്.
പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവര്‍ ക്രമക്കേട് നടത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ക്രമക്കേട് നടത്തിയതായി സംശയിക്കുന്നതായാണ് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് പി.എസ്.സി പൊലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനായ ശിവരഞ്ജിത്തിനെയും രണ്ടാം റാങ്കുകാരനായ പ്രണവിനെയും 28 ാം റാങ്കുകാരനായ നസീമിനെയും പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് നീക്കംചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കാസര്‍കോട് പൊലിസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്നുപേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷക്കിടെ മൂന്നുപേരുടെ മൊബൈല്‍ ഫോണുകളിലേക്കും ഒരേസമയം നിരവധി തവണ എസ്.എം.എസുകള്‍ വന്നു. ശിവരഞ്ജിത്തിനും പ്രണവിനും എസ്.എം.എസ് വന്നത് ഒരേ നമ്പറില്‍ നിന്നാണ്. പ്രണവിന്റെ സുഹൃത്തിന്റെ നമ്പറാണ് ഇതെന്നും വിജിലന്‍സ് സ്ഥിരീകരിച്ചു. ഫോണുമായി കണക്ട് ചെയ്ത സ്മാര്‍ട്ട് വാച്ച് വഴിയാണോ കോപ്പിയടി നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."