കേന്ദ്രസര്‍വകലാശാല: സമരത്തിനുപിന്നില്‍ സി.പി.എം ഗൂഢാലോചന: ബി.ജെ.പി
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാസങ്ങള്‍ക്കു മുമ്പ് വി.സിക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അഖില്‍ താഴത്തെന്ന വിദ്യാര്‍ഥിയെ പുറത്താക്കിയത്. അഖില്‍ നിരുപാധികം മാപ്പപേക്ഷ നല്‍കണമെന്നും അത് എക്‌സിക്യൂട്ടിവ് കമ്മിറ്റി പരിഗണിക്കണമെന്നുമുള്ള ഉപാധി സെപ്റ്റംബര്‍ 18നു നടന്ന യോഗത്തില്‍ മുന്നോട്ടുവച്ചത് പി. കരുണാകരന്‍ എം.പിയാണ്. വിദ്യാര്‍ഥി മാപ്പ് എഴുതി നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍വകലാശാല വ്യക്തമാക്കിയതാണ്. പക്ഷെ അത് ലംഘിക്കുകയാണ് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചെയ്തത്. ഇതുതന്നെ ഗൂഢാലോചനയുടെ തെളിവാണ്. സര്‍വകലാശാലയെ സ്ഥിരം കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. സമരങ്ങള്‍ അവസാനിപ്പിച്ച് സര്‍വകലാശാല പ്രവര്‍ത്തനം സാധാരണ രീതിയിലേക്കു വരുമ്പോഴാണ് ആത്മഹത്യാ നാടകം അരങ്ങേറിയിരിക്കുന്നത്. ആത്മഹത്യാ നാടകത്തിനുതൊട്ടുപിന്നാലെ തന്നെ അഖിലിന്റെ ആത്മഹത്യാ കുറിപ്പെന്നു പറയുന്ന എഴുത്ത് ആദ്യം പുറത്തുവിട്ടത് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സിദ്ധാര്‍ഥാണ്. ഗൂഢാലോചനയുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും ശ്രീകാന്ത് ആരോപിച്ചു.
സര്‍വകലാശാലയ്ക്കകത്ത് പൊലിസ് സി.പി.എം റെഡ് വളണ്ടിയര്‍മാരെ പോലെയാണ് പെരുമാറുന്നത്. സ്വതന്ത്രമായി പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സംവിധാനമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.അഖിലിനെ മറയാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള സി.പി.എം ശ്രമങ്ങളുടെ ഭാഗമാണ് സമരനാടകങ്ങളെന്നും ശ്രീകാന്ത് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് കെ.ടി പുരുഷോത്തമനും സംബന്ധിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കേന്ദ്ര സര്‍വകലാശാലാ വക്താവ് ആകേണ്ട: സി.പി.എം
കാസര്‍കോട്: ബി.ജെ.പി ജില്ലാ പ്രസിഡന്റ് കേന്ദ്രസര്‍വകലാശാലയുടെ വക്താവ് ആകേണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ മിക്കപ്പോഴും വാര്‍ത്താസമ്മേളനം നടത്തി അധികൃതരുടെ വാദങ്ങള്‍ നിരത്തുന്നത് ബി.ജെ.പി ജില്ലാ പ്രസിഡന്റാണ്. കേന്ദ്രസര്‍വകാലശാലയില്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുന്നതിനെതിരേയാണ് വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും.
ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്ത് അവരുടെ ഭാവി തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ക്രൂരമാണ്. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുമ്പോള്‍ അവിടെയെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റും അനുയായികളും പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിനു ശ്രമിച്ചുവെന്നും എം.വി ബാലകൃഷ്ണന്‍ ആരോപിച്ചു.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച കേന്ദ്രസര്‍വകലാശാല സി.പി.എമ്മും പി. കരുണാകരന്‍ എം.പിയും മുന്‍കൈയെടുത്താണ് ജില്ലയില്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായുള്ള മെഡിക്കല്‍ കോളജും കാസര്‍കോട് ആരംഭിക്കാന്‍ ഇടപെട്ട്‌കൊണ്ടിരിക്കുകയാണ് എം.പിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സമിതി.
വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ ഏക സ്വരത്തിലാണ് അഖിലിനെ തിരിച്ചെടുക്കണമെന്ന് വിദ്യാര്‍ഥിസംഘടനകളും സര്‍വകക്ഷി പ്രതിനിധികളും ആവശ്യപ്പെട്ടത്.
അഖിലിനെ തിരിച്ചെടുത്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."